പുളിങ്കുന്ന്: പുളിങ്കുന്ന് ഗ്രാമപഞ്ചായത്തിലെ 16 വാർഡുകളിലും വാട്ടർ അഥോറിറ്റിയുടെ പൈപ്പ് ലൈനുകളിലൂടെ വെള്ളം ലഭിക്കാത്തതിനാൽ കുടിവെള്ളക്ഷാമം രൂക്ഷമായിരിക്കുകയാണ്. പ്രദേശത്തെ ഭൂരിഭാഗം ജനങ്ങളും കുടിവെള്ളത്തിനായി മഴവെള്ളത്തെ ആശ്രയിച്ചാണ് കഴിയുന്നത്. വേനൽ കടുത്തതോടുകൂടി സ്വകാര്യമായി ചങ്ങനാശേരിയിൽ നിന്നും മറ്റും ലിറ്ററിന് 1 രൂപ നിരക്കിൽ വിലയ്ക്ക് വാങ്ങിയാണ് വെള്ളം ഉപയോഗിക്കുന്നത്. സാധാരണക്കാരായ കുടുംബങ്ങൾക്ക് ഈ സാഹചര്യത്തിൽ വെള്ളം വിലയ്ക്ക് വാങ്ങുന്നത് വലിയ സാമ്പത്തിക ബാധ്യതയായി മാറിയിരിക്കുകയാണ്.
ഈ സാഹചര്യത്തിൽ പുളിങ്കുന്ന് പഞ്ചായത്തിലെ 16 വാർഡുകളിലും റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ അടിയന്തര പ്രാധാന്യത്തോടെ കുടിവെള്ള വിതരണം ആരംഭിക്കണമെന്ന് യുഡിഎഫ് പുളിങ്കുന്ന് മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. യോഗത്തിന് തങ്കച്ചൻ വാഴച്ചിറ അധ്യക്ഷത വഹിച്ചു.
കെ. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ജോഷി കൊല്ലാറ, പി.കെ ആന്റണി പത്തിൽ, എ.എസ് വിശ്വനാഥൻ, വിജയമ്മ ജയപ്രകാശ്, സജിത മനോജ്, ഷൈനി മാർട്ടിൻ, മഞ്ജു ബിജു,മനോജ് കാനാച്ചേരി, സിനോജ് കൊച്ചുപറമ്പിൽ, അലൻ പത്തിൽ, എ.എം മനോഹരൻ, ഷാജി തോട്ടയ്ക്കാട്, ജയൻ പരവത്ര, അഭിജിത്ത് ഞാറ്റുകാല, ജോസഫ് ജോസഫ് ആഞ്ഞിലിമൂട്ടിൽ എന്നിവർ പ്രസംഗിച്ചു.