ഭരണിക്കാവ് - കൊട്ടാരക്കര പാതയിൽ കുന്നത്തൂർ ആറ്റുകടവ് ഭാഗത്ത് അനുഭവപ്പെടുന്ന പൊടിശല്യം.
കുന്നത്തൂർ: തിരക്കേറിയ ഭരണിക്കാവ് - കൊട്ടാരക്കര പാതയിൽ യാതൊരുവിധ മുൻകരുതലുകളുമില്ലാതെ നടക്കുന്ന റോഡ് നവീകരണം യാത്രക്കാരെയും നാട്ടുകാരെയും ഒരുപോലെ വലയ്ക്കുന്നു.
കൊട്ടാരക്കര മുതൽ പുത്തൂർ വരെയും കുന്നത്തൂർ പാലം മുതൽ സിനിമാപറമ്പ് വരെയുമുള്ള ഭാഗങ്ങളിലെ നിർമാണ പ്രവർത്തനങ്ങളാണ് ജനങ്ങളെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.
റോഡ് ഇളക്കി മാറ്റിയ ശേഷം ചിപ്സും പാറപ്പൊടിയും വിരിച്ചിട്ടിരിക്കുന്നതിനാൽ വാഹനങ്ങൾ കടന്നുപോകുമ്പോൾ അതിരൂക്ഷമായ പൊടിശല്യമാണ് അനുഭവപ്പെടുന്നത്. കുന്നത്തൂർ പാലത്തിനു പടിഞ്ഞാറ് ഭാഗത്തുള്ള ആറ്റുകടവ്, ഫാക്ടറി ജംഗ്ഷൻ, നെടിയവിള, ഭൂതക്കുഴി എന്നിവിടങ്ങളിലാണ് സ്ഥിതി ഗുരുതരമാണ്. കുന്നത്തൂർ കിഴക്ക് ഗവ.എൽപി സ്കൂളിൽ പൊടി കാരണം ക്ലാസ് മുറികൾ അടച്ചിട്ടാണ് ഒരാഴ്ചയായി പഠനം നടക്കുന്നത്. പാതയോരത്തെ വീടുകൾക്ക് മുൻവാതിലുകൾ പോലും തുറക്കാൻ കഴിയാത്ത അവസ്ഥയിലാണ്.
പൊടിശല്യം കാരണം പാതയോരത്തെ വ്യാപാര സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിപ്പിക്കാൻ കഴിയുന്നില്ല. നെടിയവിള ജംഗ്ഷനിലെ വസ്ത്ര വ്യാപാര സ്ഥാപനങ്ങളിലെ തുണികളിൽ പൊടി പടർന്നതുമൂലം വലിയ സാമ്പത്തിക നഷ്ടമാണ് വ്യാപാരികൾക്ക് ഉണ്ടായിരിക്കുന്നത്.
കാൽനട യാത്രക്കാർക്കുപോലും മൂക്ക് പൊത്താതെ ഈ വഴി സഞ്ചരിക്കാൻ കഴിയാത്ത സാഹചര്യമാണ്. റോഡ് നിർമാണ വേളയിൽ ദിവസവും മൂന്ന് നേരം വെള്ളം നനയ്ക്കണമെന്ന വ്യവസ്ഥ കരാറുകാരൻ പാലിക്കുന്നില്ലെന്നു നാട്ടുകാർ ആരോപിക്കുന്നു.
പ്രതിഷേധം ശക്തമാകുമ്പോൾ മാത്രമാണ് എപ്പോഴെങ്കിലും വെള്ളം നനയ്ക്കാറുള്ളത്. ഇതു മിനിറ്റുകൾക്കുള്ളിൽ ഉണങ്ങി വീണ്ടും പൊടി പറക്കുന്നു. രാത്രികാലങ്ങളിൽ പൊടിപടലം കാരണം റോഡ് പോലും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയാണുള്ളത്.
ഇത് വലിയ അപകടങ്ങൾക്ക് കാരണമായേക്കാം. നാട്ടുകാർ ദുരിതത്തിലായിട്ടും ബന്ധപ്പെട്ട എംഎൽഎ ഇടപെടുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. എംഎൽഎയെ ഫോണിൽ വിളിച്ചാൽ കിട്ടുന്നില്ലെന്നും പരാതിയുണ്ട്. അധികൃതരുടെ ഭാഗത്തുനിന്നും അടിയന്തര നടപടി ഉണ്ടായില്ലെങ്കിൽ റോഡ് ഉപരോധിച്ച് ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനുള്ള നീക്കത്തിലാണ് പ്രദേശവാസികൾ.
Tags : Local News Nattuvishesham Kollam