പത്തനംതിട്ട: പ്രമാടം ശിവക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തിനിടെ അക്രമം നടത്തുകയും ആറോളം പേരെ കല്ലുകൊണ്ടും മറ്റും ക്രൂരമായി ഉപദ്രവിക്കുകയും ചെയ്ത കേസില്‍ കാപ്പാ കേസ് പ്രതി ഉള്‍പ്പെടെ മൂന്നുപേരെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു.
കോന്നി താഴം വെട്ടൂര്‍ റേഡിയോ മുക്കില്‍ ചെമ്പകപ്പുരയിടം വീട്ടില്‍ സിദ്ദീഖ് (34), തെങ്ങും കാവ് പുളിമുക്ക് പുത്തന്‍ പറമ്പില്‍ പുക എന്ന് വിളിക്കുന്ന അരുണ്‍, മൈലപ്ര കിഴക്കതില്‍ വീട്ടില്‍ ബിനീഷ് (22) എന്നിവരാണ് അറസ്റ്റില്‍ ആയത്. ഇവര്‍ പത്തനംതിട്ട, കോന്നി, മലയാലപ്പുഴ സ്റ്റേഷനുകളിലെ നിരവധി കേസുകളില്‍ പ്രതികളും പുക എന്ന് വിളിക്കുന്ന അരുണ്‍ കാപ്പാ കേസ് പ്രതിയും ആണ്. ക്ഷേത്ര ഉത്സവത്തിന്റെ ഘോഷയാത്രയ്ക്കിടെ ഉണ്ടായ തര്‍ക്കത്തിന്റെ പേരില്‍ ആറോളം പേരെ ഇവര്‍ കൈകൊണ്ടും കല്ലുകൊണ്ടും ഉപദ്രവിക്കുകയായിരുന്നു.
ഞായറാഴ്ച നടന്ന ശിവരാത്രി ഉത്സവത്തിനിടെയുണ്ടായ സംഭവത്തിൽ ഡിവൈഎഫ്ഐ മേഖലാ പ്രസിഡന്റ് അഭിരാജ്, പ്രവർത്തകനായ അശോകൻ എന്നിവർക്ക് പരിക്കേറ്റു. എട്ടുപേർ കസ്റ്റഡിയിലുള്ളതായി പറയുന്നു.
ക്ഷേത്രത്തിൽ കെട്ടുകാഴ്ചയ്ക്കു ശേഷം രാത്രി 7.30 ഓടെ എൻഎസ്എസ് പടിയിലാണ് സംഘർഷമുണ്ടായത്. കെട്ടുകാഴ്ച ക്ഷേത്രത്തിൽ കയറ്റുന്നത് സംബന്ധിച്ച തർക്കം ഏറ്റുമുട്ടലിൽ കലാശിക്കുകയായിരുന്നു. ചുടുകട്ടയും കല്ലും ഉപയോഗിച്ച് പരസ്പരം ആക്രമിച്ചു.
കഴിഞ്ഞയിടെ ബിജെപിയിൽ നിന്ന് ഡിവൈഎഫ്ഐയിൽ എത്തിയവരും നിലവിലെ പ്രവർത്തകരും തമ്മിലാണ് ഏറ്റുമുട്ടിയത്. പുതുതായി വന്നവരെ സിപിഎം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാമിന്റെ യും മുൻ സെക്രട്ടറി കെ. പി.ഉദയഭാനുവിന്റെയും നേതൃത്വത്തിൽ മാലയിട്ടാണ് പാർട്ടിയിലേക്ക് സ്വീകരിച്ചത്. ഇവരെ സ്വീകരിച്ചതിന്റെ പേരിൽ ഡിവൈഎഫ്ഐയിൽ ഭിന്നത നിലനിൽക്കുകയായിരുന്നു. കാപ്പാ കേസ് പ്രതിയായ അരുൺ ഇവർക്കൊപ്പമാണ് ഡിവൈഎഫ്ഐയിലെത്തിയത്.
പത്തനംതിട്ട ഡിവൈഎസ്പി മഞ്ജുലാലിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് എസ്എച്ച്ഒ ജി.അരുൺ, എസ്ഐമാരായ ഷിജു പി സാം, അലോഷ്യസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
Tags : nattu vishesham DYFI members festival