വിട്ടുകൊടുക്കില്ലെന്ന് യുഡിഎഫും എല്‍ഡിഎഫും; തട്ടകം നിലനിര്‍ത്താന്‍ ബിജെപി
പന്തളം: 2020ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപിക്കു ഭരണം ലഭിച്ച രണ്ട് നഗരസഭകളിലൊന്നാണ് പന്തളം. അപ്രതീക്ഷിതമായ മുന്നേറ്റമാണ് ബിജെപി പന്തളത്ത് അന്നു നേടിയത്. എന്നാല്‍ ഭരണത്തില്‍ അതു നിലനിര്‍ത്താന്‍ അവര്ക്കായില്ലെന്നതു പോരായ്മയായി നിലനില്ക്കുന്നു. തുടക്കംമുതലുള്ള തമ്മിലടിയും പടലപ്പിണക്കങ്ങളും പാര്‍ട്ടിയെ വല്ലാതെ ഉലച്ചു. അടുത്ത തെരഞ്ഞെടുപ്പു കാലമായപ്പോഴേക്കും പാര്‍ട്ടി സട കുടഞ്ഞെഴുന്നേറ്റാണ് ഇത്തവണ കളത്തിലിറങ്ങിയിരിക്കുന്നത്. ഇരുമുന്നണികളെയും ഞെട്ടിച്ചുകൊണ്ട് ചിലരെ അടര്‍ത്തിയെടുത്താണ് ബിജെപി സ്ഥാനാര്‍ഥിപ്പട്ടിക പുറത്തിറക്കിയത്.
പന്തളം തിരികെപ്പിടിക്കാന്‍ കച്ചകെട്ടിയിറങ്ങിയ എല്‍ഡിഎഫിനും യുഡിഎഫിനും സ്ഥാനാര്‍ഥി നിര്‍ണയം തലവേദനയാകുകയും ചെയ്തു. അധ്യക്ഷ സ്ഥാനം വനിതാ സംവരണമായതിനാല്‍ മൂന്ന് മുന്നണികളും വനിതാ നേതാക്കളെയും രംഗത്തിറക്കിയിട്ടുണ്ട്.
ബിജെപി ഭരണകാലത്തെ പ്രശ്നങ്ങളാണ് തെരഞ്ഞെടുപ്പില്‍ പ്രധാന ചര്‍ച്ചാവിഷയമാകുന്നത്. പാര്‍ട്ടിക്കുള്ളിലെ തമ്മിലടിയും സെക്രട്ടറിയുമായുണ്ടായ തര്‍ക്കവും മൂന്ന് മുന്നണികളും നേട്ടങ്ങളും കോട്ടങ്ങളും നിരത്തി പ്രകടന പത്രിക പുറത്തിറക്കി. മുന്‍ ഭരണത്തിന്റെ ഗുണദോഷ ഫലങ്ങള്‍ വരച്ചുകാട്ടുന്ന കാര്‍ട്ടൂണുകളും പോസ്റ്ററുകളും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചുതുടങ്ങി.
ഭരണസമിതി പിരിച്ചുവിടുമെന്ന് കാട്ടി 2021 സെപ്റ്റംബറില്‍ പന്തളം നഗരസഭാ സെക്രട്ടറി നല്കിയ കത്ത് തദ്ദേശഭരണ വകുപ്പിന്റെ ചരിത്രത്തില്‍ത്തന്നെ ആദ്യമായി. നഗരസഭാ കൗണ്‍സില്‍ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് നഗരസഭാ സെക്രട്ടറിതന്നെ സര്‍ക്കാരിനെ സമീപിക്കുന്ന അപൂര്‍വ നടപടിയായി ഇതു ചിത്രീകരിക്കപ്പെട്ടു.
കഴിഞ്ഞതവണ 33 അംഗ കൗണ്‍സിലില്‍ ബിജെപി 18, കോണ്‍ഗ്രസ് 5, സിപിഎം 10, സ്വതന്ത്രന് 1 എന്നിങ്ങനെയാണ് കക്ഷിനില. ഇത്തവണത്തെ 34 വാര്‍ഡുകള്‍ നഗരസഭയ്ക്കുണ്ട്. മുട്ടാര്‍ വെസ്റ്റാണ് പുതിയ വാര്‍ഡ്. മത്സരരംഗത്തുള്ള സ്ഥാനാര്‍ഥികളില്‍ 127 പേരില്‍ 67 പേരും വനിതകളാണ്.
യുഡിഎഫില്‍ കോണ്‍ഗ്രസ് 31, മുസ് ലിം ലീഗ് 2, ആര്‍എസ്പി 1 എന്നിങ്ങനെയാണു സ്ഥാനാര്‍ഥികള്‍. എല്‍ഡിഎഫില്‍ സിപിഎം 26, കേരള കോണ്‍ഗ്രസ് മാണി 1, സിപിഐ 7 എന്നിങ്ങനെയും മത്സരിക്കുന്നു. ബിജെപിക്ക് 34 വാര്‍ഡിലും സ്ഥാനാര്‍ഥികളുണ്ട്. എസ്ഡിപിഐ നാലു വാര്‍ഡിലാണ് ജനവിധി തേടുന്നത്. സിപിഎം മഹിളാ അസോസിയേഷന് ജില്ലാ സെക്രട്ടറി ലസിതാ നായര്‍ നഗരസഭയില്‍ മത്സരരംഗത്തുണ്ട്.
ഇക്കഴിഞ്ഞ നഗരസഭയില്‍ ആദ്യ ടേമില്‍ ചെയര്‍പേഴ്സണായിരുന്ന സുശീല സന്തോഷ് വാര്‍ഡ് 34ല്‍ ഇത്തവണ ജനവിധി തേടുന്നുണ്ട്. വൈസ് ചെയര്മാന് യു. രമ്യ വാര്‍ഡ് 25ല്‍ മത്സരിക്കുന്നു. രമ്യക്കെതിരേ കോണ്‍ഗ്രസ് നേതാവ് പന്തളം മഹേഷാണ് യുഡിഎഫ് സ്ഥാനാര്‍ഥി.
കേരള കോണ്‍ഗ്രസില്‍നിന്ന് രാജിവച്ച് ബിജെപിയിലെത്തിയ കെ.ആര്. രവി 26- ാം വാര്‍ഡില്‍ മത്സരിക്കുന്നു. ഇടയാടി സിപിഎം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന രാജന് റാവുത്തര്‍ വിമതനായി വാര്‍ഡ് 23ല്‍ സ്വതന്ത്രനായി മത്സരിക്കുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി റസാക്ക് റൂബിയാണ് രംഗത്തുള്ളത്. റിട്ടയേര്‍ഡ് എസ്ഐ കെ.കെ. ജോസ് യുഡിഎഫ് സ്ഥാനാര്‍ഥിയായി 21 -ാം വാര്‍ഡില്‍ മത്സരിക്കുന്നു.