പേരൂര്‍ക്കട: പാങ്ങോട് സൈനിക ക്യാമ്പിലെ ആനക്കൊമ്പ് മോഷണവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുന്നു. ഇതരസംസ്ഥാനക്കാരനായ ഒരു സൈനികനാണ് മോഷണത്തിനു പിന്നിലെന്നു പോലീസ് കരുതുന്നുണ്ട്.
കഴിഞ്ഞ ദിവസങ്ങളില്‍ രണ്ടുഘട്ടങ്ങളിലായി 20 പേരുടെയും പിന്നീട് 50 പേരുടെയും വിരലടയാളങ്ങള്‍ പോലീസ് ശേഖരിച്ചിരുന്നു. ആനക്കൊമ്പുകളില്‍ പതിഞ്ഞിട്ടുള്ള വിരലടയാളം ഈ സൈനികന്റേതുമായി ഒത്തുചേര്‍ന്നതാണ് ഇത്തരമൊരു സംശയം ഉണ്ടാകാന്‍ കാരണം. വിശദമായ അന്വേഷണം പൂജപ്പുര പോലീസ് ആരംഭിച്ചിട്ടുണ്ട്. ദിവസങ്ങള്‍ക്കുമുമ്പാണ് അതീവ സുരക്ഷാമേഖലയായ പാങ്ങോട് സൈനിക ക്യാമ്പില്‍നിന്ന് ആനക്കൊമ്പുകള്‍ മോഷണം പോയത്. ഇതുസംബന്ധിച്ച് അധികൃതര്‍ പൂജപ്പുര പോലീസിനും ഡിജിപിക്കും പരാതി നല്‍കിയതോടെയാണു സംഭവം പുറംലോകം അറിഞ്ഞത്.
100 കിലോയോളം ഭാരമുള്ള ആനക്കൊമ്പുകള്‍ക്ക് രണ്ടുകോടിയോളം രൂപ വിലവരും. അകത്തുനിന്നുള്ളവരുടെ സഹായമില്ലാതെ ആനക്കൊമ്പുകള്‍ പുറത്തേക്കു കടത്താന്‍ സാധിക്കില്ല. മദ്രാസ് റെജിമെന്റിനു കരസേനാ മേധാവിയുടെ കമന്‍ഡേഷന്‍ ലഭിച്ചതുമായി ബന്ധപ്പെട്ട ആഘോഷപരിപാടികള്‍ക്ക് കഴിഞ്ഞ ബുധനാഴ്ച നടത്തിയ ഡിജെ പാര്ക്കിടെയാണ് ആനക്കൊമ്പുകള്‍ മോഷണം പോയതെന്നാണ് അനുമാനിക്കുന്നത്. സൈനികരില്‍ ചിലര്‍ അന്വേഷണത്തോടു സഹകരിക്കുന്നില്ലെന്നു പോലീസ് സൂചിപ്പിക്കുന്നു. ആനക്കൊമ്പുകള്‍ ക്യാമ്പ് വിട്ടുപോയിട്ടില്ല എന്ന് അനുമാനിക്കുന്ന പോലീസ് ഇവിടം കേന്ദ്രീകരിച്ച് പരിശോധനയും നടത്തിവരുന്നുണ്ട്.
1929-ല്‍ അന്നത്തെ സര്‍ക്കാര്‍ സൈന്യത്തിനു കൈമാറിയതാണ് ആനക്കൊമ്പുകള്‍. കഴിഞ്ഞ ബുധനാഴ്ച ക്ലബില്‍ നടന്ന വിരുന്നു സത്കാരത്തില്‍ നൂറിലേറെപ്പേരാണ് പങ്കെടുത്തത്. കഴിഞ്ഞദിവസം സൈനിക ക്യാമ്പിനുള്ളിലെ സിസിടിവി ദൃശ്യങ്ങളും സന്ദര്‍ശക രജിസ്റ്ററും പോലീസ് പരിശോധിച്ചിരുന്നു. അതിനുശേഷമാണ് ചോദ്യം ചെയ്യലും വിരലടയാള പരിശോധനയും ഉണ്ടായത്.
അതേസമയം സൈനികന്റെ വിരലടയാളം പതിഞ്ഞതുകൊണ്ട് അയാള്‍ മോഷ്ടാവാകണമെന്നില്ലെന്നും കൂടുതല്‍ പരിശോധന നടത്തുന്നതേയുള്ളൂവെന്നും പൂജപ്പുര പോലീസ് അറിയിച്ചു. മൊഴിയെടുപ്പ് പൂര്‍ത്തീകരിച്ചിട്ടില്ലെന്നും സൈനികകേന്ദ്രവുമായി ബന്ധമുള്ള പുറത്തുള്ളവരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ടെന്നും പൂജപ്പുര എസ്ഐ അറിയിച്ചു.