പെരിന്തൽമണ്ണ ഇഎംഎസ് ആശുപത്രി വാർഷിക യോഗത്തിൽ ആശുപത്രി ചെയർമാൻ വി.പി. അനിൽ പ്രസംഗിക്കുന്നു.
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ ഇഎംഎസ് സഹകരണ ആശുപത്രി ഓഹരി ഉടമകൾക്കായി 6.95 കോടി ലാഭവിഹിതമായും 7.24 കോടി ചികിത്സാനുകൂല്യമായും വിതരണം ചെയ്യും. 50 കോടിയുടെ വികസന പ്രവർത്തനങ്ങളാണ് ലക്ഷ്യമിടുന്നത്. ഇതിനായി പുതിയ ഓഹരികൾ സമാഹരിക്കും.
പഴയ കെട്ടിടത്തിന്റെ പുനരുദ്ധാരണം, ഐഐടിവി എക്സറേ യൂണിറ്റ്, സിവിടിഎസ് വിഭാഗം എന്നിവ വിപുലീകരിക്കും. മുതിർന്ന പൗരൻമാർക്കായി മെഡിക്കൽ സൗകര്യങ്ങളോടെ റിട്ടയർമെന്റ് ഹോം, അവയവമാറ്റ ശസ്ത്രക്രിയക്കായി ട്രാൻസ്പ്ലാന്റ് യൂണിറ്റ് എന്നിവയും ആരംഭിക്കും. വാർഷിക പൊതുയോഗത്തിലാണ് വിപുലമായ വികസന പദ്ധതികൾക്കും ആനുകൂല്യങ്ങൾക്കും അംഗീകാരം നൽകിയത്.
യോഗത്തിൽ ആശുപത്രി ചെയർമാൻ വി.പി. അനിൽ അധ്യക്ഷനായിരുന്നു. ഡയറക്ടർ വി.സി. ശങ്കരനാരായണൻ അനുശോചന പ്രമേയവും സി. ദിവാകരൻ ഇഎംഎസ് അനുസ്മരണ പ്രഭാഷണവും നടത്തി. ജനറൽ മാനേജർ എം. അബ്ദുനാസിർ, സിഎഒ ജിമ്മി കാട്ടടി, ഫിനാൻസ് മാനേജർ പി.വി. സരസ്വതി, ഷഫീനാ ബീഗം, അബ്ദുൾ റഉൗഫ്, കെ. ഉമേഷ് എന്നിവർ വിവിധ റിപ്പോർട്ടുകൾ അവതരിപ്പിച്ചു.
മുൻ ചെയർമാൻ ഡോ. എ. മുഹമ്മദ്, മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ പി.പി. വാസുദേവൻ, ഇ. രാജേഷ്, ഡോ. മുബാറക് സാനി എന്നിവർ പ്രസംഗിച്ചു.
Tags : Local News Nattuvishesham Malappuram