രാമങ്കരി: മഴയായാലും വെയിലായാലും ദൈനംദിന ആവശ്യങ്ങൾക്കു പോലും വെള്ളം വിലകൊടുത്ത് വാങ്ങേണ്ട ഗതികേടിലാണ് കാവാലം പഞ്ചായത്ത് നിവാസികൾ. വെള്ളപ്പൊക്കത്തെ തുടർന്ന് ആറുകളും ചെറുതോടുകളും മലിനമായതോടെ ഇത്തവണയും അതിനൊരു മാറ്റമുണ്ടായില്ല.
ആഴ്ചയിൽ അഞ്ഞൂറ് ലിറ്റർ വെള്ളത്തിന് 300 രൂപയാണ് ഇവർക്ക് മുടക്കേണ്ടിവരുന്നത്. വേനക്കാലത്ത് ഇത് 350 വരെയാകും. സ്വകാര്യ ഏജൻസികൾ ലോറികളിലും മറ്റുമായി പ്രദേശത്ത് എത്തിക്കുന്ന വെള്ളം ഇത്തരത്തിൽ വിലകൊടുത്ത് വാങ്ങി, 300 ഉം 500ഉം ലിറ്റർ വീതമുള്ള ചെറുടാങ്കുകളിൽ സൂക്ഷിച്ചുവച്ചാണ് ഇവർ ഓരോ ദിവസവും തള്ളിനീക്കുന്നത്.
കുടിക്കാനും പാചകം ചെയ്യാനുമായി വിലകൊടുത്ത് വാങ്ങുന്ന വെള്ളമാണ് ഉപയോഗിക്കുന്നതെങ്കിലും ഇതിന്റെ ഗുണനിലവാരം സംബന്ധിച്ച് യാതൊരു ഉറപ്പുമില്ല.
കുട്ടനാട്ടിലെ മുഴുവൻ പഞ്ചായത്തുകളിലും കുടിവെള്ളമെത്തിക്കാനുള്ള പദ്ധതി വർഷങ്ങൾക്ക് മുമ്പ് സർക്കാർ വിഭാവന ചെയ്തെങ്കിലും അതൊന്നും ഇതുവരെ നടപ്പായിട്ടില്ല. ഇനിയും എത്രനാൾ കാത്തിരിക്കേണ്ടിവരുമെന്നും നിശ്ചയമില്ല. വെള്ളപ്പൊക്കത്തെ തുടർന്ന് ജലസ്രോതസുകൾ കൂടുതൽ മലിനമാകുകയും കുടിവെള്ളക്ഷാമം രൂക്ഷമാകുകയും ചെയ്ത സാഹചര്യത്തിൽ പകർച്ച വ്യാധി ഭീഷണിയിലുമാണ് കാവാലം പഞ്ചായത്ത്.
കായലിനോട് തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന പ്രദേശമായിട്ടുകൂടി നിത്യേനയുള്ള ആവശ്യങ്ങൾക്ക് വെള്ളം വിലകൊടുത്ത് വാങ്ങേണ്ടിവരുന്നതിനു കാരണം ഭരണകൂടത്തിന്റെ വീഴ്ചയാണെന്നു ജനങ്ങൾ കുറ്റപ്പെടുത്തു.
പ്രശ്നത്തിന് അടിയന്തരമായി പരിഹാരം കാണാനും സൗജന്യമായി വെള്ളം വിതരണം ചെയ്യാനും അധികൃതർ തയാറാകണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Tags : rainy season nattuvishasham local news