കൊല്ലം: ഭക്ഷ്യസുരക്ഷാ നിയമപ്രകാരം പാവങ്ങള്‍ക്ക് നിയമപരമായി ലഭിക്കുന്ന അന്നത്തിനുള്ള അവകാശം നിഷേധിക്കുന്നതാണ് സര്‍ക്കാരിന്റെ അതിദാരിദ്ര്യമുക്ത പ്രഖ്യാപന മാമാങ്കമെന്നും എന്‍.കെ. പ്രേമചന്ദ്രന് എം പി ഒരു പ്രസ്താവനയിൽ പറഞ്ഞു.
അതിദരിദ്രരായ ജനങ്ങളോട് കാണിക്കുന്ന വഞ്ചനയാണിത്. ഇതിനു ചരിത്രം മാപ്പുതരില്ലെന്നും എന്‍.കെ. പ്രേമചന്ദ്രന് പറഞ്ഞു. ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം പാവങ്ങളില്‍ പാവങ്ങളായ അതിദരിദ്രരായ ജനവിഭാഗത്തിനാണ് അന്ത്യോദയ അന്ന യോജന പദ്ധതി പ്രകാരം ഭക്ഷ്യധാന്യങ്ങള്‍ സൗജന്യമായി ലഭിക്കുന്നത്.
നിയമ വ്യവസ്ഥകള്‍ പ്രകാരം പാവങ്ങള്‍ക്ക് ലഭിക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ക്കുള്ള അവകാശം നിഷേധിക്കുന്ന നടപിയാണ് മുഖ്യമന്ത്രിയുടേത്. പ്രതിദിനം രണ്ടുനേരത്തെ ആഹാരത്തിന് നിവൃത്തിയില്ലാത്തതും ആഹാരത്തിന് ആവശ്യമായ തുക കണ്ടെത്തുവാന്‍ ഉപജീവനമാര്‍ഗ മില്ലാത്തവരുമാണ് ഈ വിഭാഗത്തില്‍ പെട്ടവര്‍. കേരളത്തില്‍ അന്ത്യോദയ അന്ന യോജന പദ്ധതി പ്രകാരം ആനുകൂല്യം കിട്ടുവാന്‍ അര്‍ഹതയുള്ളവര്‍ ഇല്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കുമ്പോള്‍ സൗജന്യമായി ഭക്ഷ്യധാന്യം ലഭിച്ചുകൊണ്ടിരിക്കുന്ന അതിദരിദ്രരായ ജനവിഭാഗങ്ങളെ അത് പ്രതികൂലമായി ബാധിക്കും.
അതിദരിദ്രരെ നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ കണക്കിലെടുത്ത് കേരളത്തില്‍ അതിദരിദ്രരായ ജനങ്ങളില്ല എന്ന് കണ്ടെത്തുന്നതിന് സര്‍ക്കാര്‍ ശാസ്ത്രീയമായ പഠനം നടത്തുകയോ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുകയോ ചെയ്തിട്ടില്ല.
മുഖ്യമന്ത്രിയുടെ അതിദാരിദ്ര്യമുക്ത പ്രഖ്യാപനം ഈവന്റുകളിലും പരസ്യങ്ങളിലും മാത്രം പരിമിതപ്പെടുത്തണമെന്നും ഔദ്യോഗിക രേഖകളില്‍ ഉള്‍പ്പെടുത്തി പാവങ്ങളുടെ അന്നം മുട്ടിക്കരുതെന്നും എന്‍.കെ. പ്രേമചന്ദ്രന് എം പി ആവശ്യപ്പെട്ടു.