കാസര്‍ഗോഡ്: വിവരാവകാശ അപേക്ഷകള്‍ക്ക് സമയബന്ധിതമായി വിവരങ്ങള്‍ നല്‍കാതെ കമ്മീഷന് റിപ്പോര്‍ട്ട് ആവശ്യപ്പെടുമ്പോള്‍ മാത്രം വിവരം നല്കുന്ന പ്രവണത കാണുണ്ടെന്നും ഇതു ശരിയായ നടപടി അല്ലെന്നും അപലപനീയമാണെന്നും സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ടി.കെ. രാമകൃഷ്ണന്.
ജില്ലാ പബ്ലിക് റിലേഷന്‍സ് ഓഫീസില്‍ നടന്ന വിവരാവകാശ കമ്മീഷന്റെ ജില്ലാതല സിറ്റിംഗില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവരം ലഭിക്കുവാനുള്ള അവകാശം ഭരണഘടന ഉറപ്പുനല്‍കുന്ന ആര്‍ട്ടിക്കിള്‍ 21 അഥവാ ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമായതിനാല്‍ അതു നിഷേധിക്കുന്നത് മൗലികാവകാശലംഘനമാണ്. വിവരം നല്കുവാനുള്ള ചുമതല ആ ഓഫീസിലെ പൊതു വിവരാവകാശ ഓഫീസര്‍ക്ക് മാത്രമല്ല, ഓഫീസിലെ മുഴുവന്‍ ജീവനക്കാരും കൂട്ടുത്തരവാദിത്വമുണ്ട്. വിവരാവകാശിയമം വകുപ്പ് 4(1) പ്രകാരം ഒരു കാര്യാലയത്തിലെ ഫയലുകളും വിവരങ്ങളും രേഖകളും പട്ടിക തിരിച്ച്, ക്രമപ്പെടുത്തി വയ്ക്കേണ്ടത് ആ ഓഫീസിലെ വകുപ്പ് മേധാവിയുടെ ഉത്തരവാദിത്വമാണ്. സ്വമേധയാ വെളിപ്പെടുത്തുന്ന വിവരങ്ങള്‍ അപ്രകാരം ചെയ്യേണ്ടതുമാണ്.
പൊതുവിവരാവകാശ ഓഫീസര്‍ വിവരം നല്കിയിട്ടില്ലെങ്കില് ഒന്നാം അപ്പീല്‍ അധികാരി കാര്യക്ഷമമായി ഇടപെടേണ്ടതാണ്. വിവരം നല്കാന് നിയമമനുവദിച്ചിരിക്കുന്ന പരമാവധി സമയപരിധി മാത്രമാണ് 30 ദിവസമെന്നും ഏറ്റവും വേഗത്തില്‍ വിവരാവകാശ അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ തന്നെയാണ് നിയമം അനുശാസിക്കുന്നതെന്നും കമ്മീഷണര്‍ പറഞ്ഞു.
വകുപ്പുകളുടെയും ഓഫീസുകളുടെയും വെബ്സൈറ്റുകള്‍ വിവരങ്ങളുടെ സ്രോതസാകണം. വെബ്സൈറ്റുകള്‍ അപ്ഡേറ്റ് ചെയ്യേണ്ടതാണ്. അപ്രകാരം ചെയ്യാത്തതിനാല്‍ വെബ്സൈറ്റില്‍ കൊടുത്തിരിക്കുന്ന ഫോണ്‍ നമ്പറില്‍ പലപ്പോഴും വിളിച്ചാല്‍ കിട്ടാത്ത അവസ്ഥയാണുള്ളത്. വിവരാവകാശ നിയമം 4 (1) എ, ബി അനുസരിച്ചുള്ള വിവരങ്ങളും വെബ്സൈറ്റില്‍ ഉണ്ടായിരിക്കണം. ഇപ്രകാരം നല്കിയാല് വിവരങ്ങള്‍ തേടിയുള്ള അപേക്ഷ കുറക്കാന്‍ കഴിയും, അദ്ദേഹം പറഞ്ഞു.
ഓഫീസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ക്രോഡീകരിച്ച് പട്ടിക തയാറാക്കി കംപ്യൂട്ടറിലോ വെബ്സൈറ്റിലൂടെയോ പൊതുജനങ്ങളെ അറിയിക്കാന്‍ മേലധികാരികള്‍ ബാധ്യസ്ഥരാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിറ്റിംഗില്‍ പരിഗണിച്ച 17 ഹര്‍ജികള്‍ തീര്‍പ്പാക്കി. ചില അപേക്ഷകളില്‍ വിവരം നല്‍കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ ശിക്ഷ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
കൂടുതല്‍ അപേക്ഷകളും പഞ്ചായത്ത്, റവന്യു വകുപ്പുമായി ബന്ധപ്പെട്ടവയാണ്.