ചങ്ങനാശേരി: ക്രൈസ്തവ സമൂഹം ഇന്നു കൈവരിച്ചിട്ടുള്ള എല്ലാ പുരോഗതികൾക്കും പിന്നിൽ പൂർവികർ പകർന്നു നൽകിയ അചഞ്ചലമായ വിശ്വാസമാണെന്ന് ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്ത മാർ തോമസ് തറയിൽ. തുരുത്തി മർത്ത്മറിയം ഇടവക ദിനാഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സമുദായത്തോടുള്ള ആഴമായ സ്നേഹവും പ്രതിബദ്ധതയും മുൻതലമുറകളിൽ ശക്തമായിരുന്നുവെന്നും ആർച്ച്ബിഷപ് ഓർമിപ്പിച്ചു. തുരുത്തി ഫൊറോനയും മർത്ത്മറിയം ഇടവകയും സമുദായ ശക്തീകരണത്തിനായി നടത്തുന്ന പ്രവർത്തനങ്ങളെ മാർ തോമസ് തറയിൽ പ്രത്യേകം അഭിനന്ദിച്ചു.
അതിരൂപത വികാരി ജനറാൾ മോൺ. മാത്യു ചങ്ങങ്കരി, വികാരി ഫാ. ജേക്കബ് ചീരംവേലി, ഫാ. ടോണി പുതുവീട്ടിൽക്കളം, ഫാ. മാത്യു കാഞ്ഞിരക്കാല, സിസ്റ്റർ ഫിൽസി എസ്എബിഎസ്, അനിൽ ജോബ്, വിനോദ് കൊച്ചീത്തറ തുടങ്ങിയവർ പ്രസംഗിച്ചു.