സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ചിത്രം.
ചെങ്ങന്നൂർ: സിഐ കുട്ടിനിക്കർ ധരിച്ച് പരാതി സ്വീകരിച്ചെന്നും സ്ത്രീകളെ അപമാനിച്ചെന്നും കാണിച്ച് സമൂഹമാധ്യമങ്ങളിലൂടെ ദൃശ്യം പ്രചരിപ്പിച്ച സംഭവത്തിൽ യുവതിക്കും ഓൺലൈൻ മീഡിയ ഉടമയ്ക്കുമെതിരേ വ്യാജ പ്രചാരണത്തിന് പോലീസ് കേസെടുത്തു.
കിടു ഓൺ ലൈൻ മീഡിയ ഉടമ വിഷ്ണു വിജയൻ, ദൃശ്യങ്ങൾ പ്രചരിപ്പിച്ച മാങ്കാംകുഴി സ്വദേശിനി ശരണ്യ എന്നിവർക്കെതിരേ യാണ് ചെങ്ങന്നൂർ പോലീസ് കേസെടുത്തത്. കഴിഞ്ഞദിവസം ചെങ്ങന്നൂർ സിഐ കുട്ടിനിക്കർ ധരിച്ച് സ്ത്രീകളുടെ പരാതി സ്വീകരിക്കാൻ എത്തിയെന്നും പരാതി നൽകാൻ ശ്രമിച്ചപ്പോൾ അശ്ലീല ചുവയോടെ സംസാരിച്ചു. യൂണിഫോം ധരിച്ചില്ലെന്നും കാണിച്ച് ചിത്രങ്ങളും ദൃശ്യങ്ങളും പ്രചരിച്ചിരുന്നു. എന്നാൽ, ഡിവൈഎസ്പി ഉൾപ്പെടെയുള്ളവർ ഈ സംഭവം അന്വേഷിച്ചപ്പോൾ അതിൽ വ്യാജ പ്രചാരണമാണ് നടന്നതെന്ന് കണ്ടെത്തി. ഇതേത്തുടർന്നാണ് സിഐയുടെ പരാതിയിൽ പോലീസ് കേസെടുത്തത്.
ചെങ്ങന്നൂർ സിഐ എ.സി. വിപിനെതിരെയാണ് വ്യാജ പ്രചാരണം നടന്നത്. ഫോട്ടോകൾ ഉൾപ്പെടെയാണ് പ്രചരിപ്പിച്ചത്. ദൃശ്യങ്ങൾ പ്രചരിപ്പിച്ച സാമൂഹിക മാധ്യമ അക്കൗണ്ടിനെതിരെയും കേസെടുത്തിട്ടുണ്ട്. പോലിസ് സ്റ്റേഷനിൽ പരാതി നൽകാൻ എത്തിയ കുടുംബാംഗങ്ങൾ തമ്മിൽ തർക്കമായി.
ഇതോടെ പോലീസ് ഉദ്യോഗസ്ഥർ എസ്എച്ച്ഒയെ വിളിച്ചുവരുത്തുകയായിരുന്നു. തുടർന്നാണ് രാവിലെ വ്യായാമം ചെയ്യുകയായിരുന്ന എസ്എച്ച്ഒ ഔദ്യോഗിക വേഷത്തിൽ അല്ലാതെ സ്റ്റേഷനിൽ എത്തിയത്. തനിക്കെതിരേ വ്യാജ പ്രചാരണം നടത്തുന്നുവെന്ന എസ്എച്ച്ഒ വിപിന്റെ പരാതിയിലാണ് കേസെടുത്തത്. ചെങ്ങന്നൂർ ഡിവൈഎസ്പി പോലിസ് സ്റ്റേഷനിൽ എത്തി സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച ശേഷമാണ് കേസെടുത്തത്.