സുധീർ കൊയിലാണ്ടി
കൊയിലാണ്ടി: കാക്കിയണിഞ്ഞത് മുതൽ ജോലിത്തിരക്കാണ്, പക്ഷേ, സീനിയർ പോലീസ് ഓഫീസറായ സുരേഷിന് കൃഷിയിടത്തിലിറങ്ങി അധ്വാനിക്കാതെ ഉറക്കം വരില്ല. നടുവത്തൂർ സ്വദേശി ഒ.കെ. സുരേഷ് എന്ന കാക്കിയിട്ട കർഷകൻ കൃഷി ഭൂമിയിൽ തന്റെ വിജയഗാഥ തുടരുകയാണ്. ബാലുശേരി പോലീസ് സ്റ്റേഷനിൽ സീനിയർ സിവിൽ പോലീസ് ഓഫീസർ (ഡ്രൈവർ) ആയ അദ്ദേഹം കഴിഞ്ഞ 10 വർഷമായി കാർഷിക പ്രവർത്തനത്തിൽ സജീവമാണ്.
സീസൺ അനുസരിച്ച് പച്ചക്കറികൾ, വാഴ, ഇഞ്ചി,മഞ്ഞൾ, നെല്ല്, എന്നിവയൊക്കെ കൃഷി ചെയ്യുന്നു.നല്ല വിളവ് ലഭിക്കുന്നതിനൊപ്പം ഏറെ ഇഷ്ടമുള്ള കൃഷി നല്ല രീതിയില്‍ നടക്കുന്ന സംതൃപ്തിയിലാണ് സുരേഷ്. സഹ പ്രവര്‍ത്തകരുടെ പൂര്‍ണ പിന്തുണ സുരേഷിനുണ്ട്. വിളവെടുപ്പിനും മറ്റും മേല്‍ ഉദ്യോഗസ്ഥരാണ് എത്താറുള്ളത്.
ഓണക്കാലത്ത് ചെണ്ടുമല്ലി, ഇത്തവണ പൈനാപ്പിള്‍
കഴിഞ്ഞ വർഷത്തെ ഓണക്കാലത്ത് 50 സെന്റ് സ്ഥലത്ത് ചെണ്ടുമല്ലി കൃഷി ചെയ്തത് വിജയമായി. ഇത്തവണ അദ്ദേഹം ഒരു ഏക്കർ സ്ഥലത്തുള്ള പൈനാപ്പിൾ കൃഷിയുടെ പരിപാലനത്തിലാണ്. മുൻ വർഷങ്ങളിൽ വയൽ ഭാഗങ്ങൾ പാട്ടത്തിനെടുത്തായിരുന്നു കൃഷി ചെയ്തു കൊണ്ടിരുന്നത്.
കഴിഞ്ഞ വർഷം മുതൽ ഒറോക്കുന്ന് മലയിൽ കാടുമൂടി കിടന്ന രണ്ട് ഏക്കർ സ്ഥലം വെട്ടിത്തെളിച്ച് കൃഷിനിലം ഒരുക്കി. കാട്ടുപന്നി, മുള്ളൻപന്നി തുടങ്ങിയ വന്യജീവികളോട് പട വെട്ടിയാണ് സുരേഷ് കൃഷി മുന്നോട്ടു കൊണ്ടുപോകുന്നത്. കാർഷിക ക്ലാസുകളും എടുക്കുന്നു.2021 വർഷത്തെ കേരള സർക്കാരിന്റെ മികച്ച ജൈവകർഷകനുള്ള ജില്ലാതല അവാർഡ്, 2025 വർഷത്തെ അക്ഷയശ്രീ അവാർഡ് ഉൾപ്പെടെ നിരവധി അവാർഡുകളും സുരേഷിനെ തേടിയെത്തിയിട്ടുണ്ട്.
സാഹിത്യവും
സാഹിത്യരംഗത്തും സജീവമാണ് സുരേഷ്. സുരേഷ് എഴുതി സംവിധാനം ചെയ്ത രണ്ട് ലഹരി വിരുദ്ധ മ്യൂസിക്കൽ ആൽബങ്ങൾ ഇതിനോടകം ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. ഈ രണ്ട് ലഹരി വിരുദ്ധ ആൽബങ്ങൾക്കും ഇതിനോടകം പത്തോളം അവാർഡുകൾ ലഭിച്ചു കഴിഞ്ഞു. ഏറ്റവും ഒടുവിലായി കോട്ടയത്ത് നടക്കുന്ന സംസ്കാരസാഹിതി ആൽബം ഫെസ്റ്റിവലിൽ "നേര് 'എന്ന ആൽബത്തിന് സ്പെഷ്യൽ ജൂറി അവാർഡ് ലഭിച്ചു.
ഫെബ്രുവരി 17ന് കോട്ടയത്ത് അവാർഡ് വിതരണം നടക്കും. ഇതോടൊപ്പം 15 ഓളം കവിതകളും മൂന്ന് നാടകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.കുടുംബത്തിന്റെ സജീവ പിന്തുണയാണ് സുരേഷിന്റെ കൃഷിയിലെ വിജയത്തിന് അടിസ്ഥാനം.ഭാര്യ ശോഭ. മക്കളായ സൂര്യപ്രഭ, സൂര്യനന്ദ, അനുജൻ ഒ.കെ. സതീഷ്. ഭാര്യാ സഹോദരി ബീന എന്നിവരും സഹായത്തിനായി ഒപ്പമുണ്ട്. ഫോൺ: 9447414977
Tags : Local News Nattuvishesham Kozhikode