നിർമാണം പുരോഗമിക്കുന്ന പാടൂർ ഇടിയഞ്ചിറ റെഗുലേറ്റർ.
പാവറട്ടി: കോടികൾ ചെലവഴിച്ചു നിർമ്മിക്കുന്ന പാടൂർ ഇടിയഞ്ചിറ റെഗുലേറ്ററിന്റെ പുനർനിർമ്മാണം അവസാനഘട്ടത്തിലിരിക്കെ കർഷകർക്കും നാട്ടുകാർക്കും ആശങ്ക. പുതിയ ഷട്ടറിന്റെ അടിയിലൂടെ വെള്ളം കയറുമോയെന്ന് ആശങ്കയുണ്ടെന്നും പണി പൂർത്തിയായാൽ റെഗുലേറ്ററിന്റെ കാര്യക്ഷമത ഉറപ്പുവരുത്തണമെന്നുമാണ് ആവശ്യം. മാർച്ച് അവസാനത്തോട റെഗുലേറ്ററിന്റെ നവീകരണം പൂർത്തിയാക്കാനുള്ള കഠിനപരിശ്രമത്തിലാണ് അധികൃതർ. കഴിഞ്ഞദിവസം നിർമ്മാണപുരോഗതി വിലയിരുത്തുന്നതിനായി മുരളി പെരുനെല്ലി എംഎൽഎ എത്തിയിരുന്നു.
റെഗുലേറ്ററിന്റെ അടിയിൽ വിരിച്ചുകൊണ്ടിരിക്കുന്ന കരിങ്കല്ലുകളുടെ കനം സംബന്ധിച്ച കാരാറിലെ മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. കർഷകരുടെയും നാട്ടുകാരുടെയും ആശങ്ക പരിഹരിക്കുന്നതിന് ഉയർന്ന ഉദ്യോഗസ്ഥർ പരിശോധന നടത്തണമെന്ന് മുല്ലശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ക്ലമെന്റ് ഫ്രാൻസിസ് ആവശ്യപ്പെട്ടു.
പെരിങ്ങാട് പുഴയ്ക്കു കുറുകെയുള്ള ഇടിയഞ്ചിറ റഗുലേറ്ററിന്റെ നവീകരണപ്രവർത്തനങ്ങൾ കഴിഞ്ഞവർഷം പൂർത്തിയാക്കേണ്ടതായിരുന്നു. പ്രതികൂല കാലാവസ്ഥമൂലം സംരക്ഷണബണ്ടുകൾ തകർന്നതോടെ നിർമ്മാണം നിലയ്ക്കുകയായിരുന്നു. വർഷകാലത്ത് കിഴക്കൻമേഖലയിൽനിന്നുള്ള വെള്ളം കടലിലേക്ക് ഒഴുകിപ്പോകുന്നതിനും വേനലിൽ കടലിൽനിന്നുള്ള വേലിയേറ്റത്തിൽ ഉപ്പുവെള്ളം കൃഷിയിടങ്ങളിലേക്കും ശുദ്ധജല തടാകങ്ങളിലേക്കും കയറാതിരിക്കാനും ആധുനികരീതിയിൽ നവീകരിച്ച ഇടിയഞ്ചിറയിലെ യന്ത്രവൽകൃത റഗുലേറ്റർ ഷട്ടർ സംവിധാനം ഉപകരിക്കും. ഇതോടെ വർഷാവർഷം ലക്ഷങ്ങൾ ചെലവഴിച്ചു നിർമ്മിക്കുന്ന താൽക്കാലിക വളയംബണ്ട് ഒഴിവാക്കാനാകുമെന്നാണു പ്രതീക്ഷ.
റെഗുലേറ്ററിന്റെ നവീകരണ പ്രവർത്തനങ്ങളുടെ സിവിൽ വർക്കുകൾക്ക് 2.42 കോടിയും മെക്കാനിക്കൽ വർക്കുകൾക്ക് 2.62 കോടി രൂപയുമാണു ചെലവ് പ്രതീക്ഷിക്കുന്നത്.