കർഷകരുമായുള്ള രാഹുൽഗാന്ധിയുടെ സംവാദത്തോടനുബന്ധിച്ചുള്ള സംഘാടക സമിതി യോഗം ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്യുന്നു.
കണ്ണൂർ: രാഹുൽ ഗാന്ധി സംസ്ഥാനത്തെ കർഷകസംഘടനാ നേതാക്കളും കർഷകരുമായി പേരാവൂരിൽ നടത്തുന്ന സംവാദത്തിന് ഒരുക്കങ്ങൾ പൂർത്തിയായതായി ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് പത്രസമ്മേളനത്തിൽ അറിയിച്ചു.
വയനാട്ടിൽ കോൺഗ്രസ് നിർമിച്ചു നൽകുന്ന വീടുകളുടെ ശിലാസ്ഥാപന കർമത്തിന് എത്തുന്ന രാഹുൽഗാന്ധി രാവിലെ 11 ന് പേരാവൂർ തൊണ്ടിയിലെ പാരിഷ് ഹാളിലാണ് കർഷക നേതാക്കളുമായും കർഷകസംഘടന പ്രതിനിധികളുമായും സംവാദം നടത്തുക. പേരാവൂർ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിലെ ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ ഹെലികോപ്റ്റർ ഇറങ്ങിയശേഷമാണ് രാഹുൽ ഹാളിലേക്ക് എത്തുന്നത്. ദേശീയതലത്തിൽ തന്നെ കർഷകർ നേരിടുന്ന അതീവഗുരുതരമായ പ്രശ്നങ്ങൾ ഉയർത്തിപ്പിടിച്ച് സമരങ്ങളും ജാഥകളും സംവാദങ്ങളുമായി രാഹുൽ ഗാന്ധി സജീവമാണ്.
ഈ സാഹചര്യത്തിലാണ് പേരാവൂരിലെത്തി മലയോരത്തെ ഉൾഗ്രാമങ്ങളിലുള്ള കർഷകരുമായും കർഷക പ്രതിനിധികളുമായും സംസാരിക്കുന്നതെന്ന് മാർട്ടിൻ ജോർജ് പറഞ്ഞു. മലയോര കർഷകർ നേരിടുന്ന വെല്ലുവിളികൾ ദേശീയതലത്തിൽ എത്തിക്കുക എന്നുള്ളതാണ് സന്ദർശനത്തിന്റെ ഉദ്ദേശം.
സംഘാടകസമിതി
യോഗം ചേർന്നു
പേരാവൂർ: കർഷകരുമായി നേരിട്ട് സംവദിക്കാൻ എത്തുന്ന രാഹുൽ ഗാന്ധി എംപിയുടെ ചടങ്ങുമായി ബന്ധപ്പെട്ട സംഘാടകസമിതി യോഗം ചേർന്നു. ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു. പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജൂബിലി ചാക്കോ അധ്യക്ഷയായിരുന്നു.
കെപിസിസി മെമ്പർ ചന്ദ്രൻ തില്ലങ്കേരി, ബെന്നി തോമസ്, കെ.പി. ജനാർദ്ദനൻ, ബൈജു വർഗീസ്, ജോർജ് കാനാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.