കോടഞ്ചേരി: കൊട്ടടയ്ക്കയുടെ വില കുതിച്ചുയരുമ്പോഴും മലയോര കര്‍ഷകരുടെ കണ്ണീര് വറ്റുന്നില്ല. മഞ്ഞളിപ്പ് രോഗം മൂലം കമുക് കൃഷി നശിച്ചുകൊണ്ടിരിക്കുന്നതിനാല്‍ വില വര്‍ധനവിന്റെ ഗുണം കര്‍ഷകര്‍ക്ക് ആശ്വാസമാകുന്നില്ല. ഈ വര്‍ഷമാദ്യം 300 രൂപ തോതിലുണ്ടായിരുന്ന വിലയാണ് നിലവില്‍ കിലോയ്ക്ക് 420 ലേക്ക് ഉയര്‍ന്നത്. ചരക്ക് ക്ഷാമമാണ് വില കൂടാനുള്ള മുഖ്യകാരണമായി വ്യാപാരികള്‍ പറയുന്നത്.
പ്രധാന അടയ്ക്കാ ഉല്പാദന കേന്ദ്രങ്ങളിലൊന്നായ മംഗലാപുരത്ത് ഗുണമേന്മ കുടുതലുള്ള കൊട്ടടക്കയ്ക്ക് കിലോയ്ക്ക് 500 രൂപയിലുമധികം വിലയുണ്ട്. മലയോരമേഖലയിലെ പ്രധാന അടയ്ക്കാ ഉല്പാദനകേന്ദ്രമായ കോടഞ്ചേരിയില്‍ 20 വര്‍ഷത്തോളമായി ഉല്പാദനം നന്നേ കുറവാണ്. മഞ്ഞളിപ്പ് രോഗംബാധിച്ച് കമുക് കൃഷി നശിച്ചതോടെ സീസണില്‍ പോലും കോടഞ്ചേരിയിലെ എല്ലാ കടകളിലും കൂടി ദിവസേന രണ്ടോ മൂന്നോ ക്വിന്റല്‍ കൊട്ടടക്ക മാത്രമേ എത്തുന്നുള്ളൂ.
കോടഞ്ചേരിയിലെ യുവ കര്‍ഷകനായ ഗോഡ്സണ്‍ ആക്കപ്പടിക്കല്‍ 2014 ല്‍ മംഗലാപുരത്തെ പുത്തൂര്‍ ഭാഗത്തുനിന്നും കൊണ്ടു വന്നു നട്ടുപിടിപ്പിച്ച 300 ല്‍ അധികം ഇന്റര്‍ സി മംഗള കമുക് തൈകള്‍ മുഴുവന്‍ മഞ്ഞളിപ്പ് ബാധിച്ച് നശിച്ചു.
സമാനമായ അനുഭവങ്ങളാണ് മറ്റു നിരവധി കര്‍ഷകര്‍ക്ക് പറയാനുള്ളത്. കാസര്‍കോടന്‍, ഇന്റര്‍ മംഗള, മോഹിത് നഗര്‍, സൈഗോണ്‍ തുടങ്ങിയ ഇനങ്ങള്‍ പരീക്ഷിച്ചിട്ടും മഞ്ഞളിപ്പിനെ പ്രതിരോധിക്കാനായില്ല. പ്രതിരോധശേഷി കൂടുതലുണ്ടെന്ന് പറയപ്പെടുന്ന നാടന്‍ ഇനങ്ങള്‍ പരീക്ഷിക്കുകയാണ് ഇപ്പോള്‍ കര്‍ഷകര്‍.
കവുങ്ങ് കൃഷിയുടെ അന്ത്യം കുറിക്കുന്ന മഞ്ഞളിപ്പ് തടയാന്‍ ഗവേഷണനടപടികള് ത്വരിതപ്പെടുത്തണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
Tags : Local News Nattuvishesham Kozhikode