ഷംസുദ്ദീൻ ഗൂഡല്ലൂർ
ഗൂഡല്ലൂർ: നീലഗിരിയിലെ ദേവർഷോലയിലും പരിഭ്രാന്തി പരത്തിയ കടുവ കൂട്ടിലായി. ദേവൻ രണ്ടിലെ കൊട്ടായ്മേടിൽ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് ഇന്നലെ കടുവ അകപ്പെട്ടത്. കൂട്ടിൽ ആടിനെ ഇരയായി കെട്ടിയിരുന്നു.
മൂന്നു മാസത്തിലധികമായി ദേവർഷോല, സർക്കാർമൂല, ദേവൻ രണ്ട്, ദേവൻ എസ്റ്റേറ്റ്, കൊട്ടായ്മേട്, ത്രീ ഡിവിഷൻ, പാടന്തറ, കണിയംവയൽ ഭാഗങ്ങളിൽ കടുവ ഭീതി പരത്തിയിരുന്നു. 30 പശുക്കളെയാണ് കടുവ വകവരുത്തിയത്. നിലന്പൂരിൽനിന്നു എത്തിച്ച വലിയ കൂടാണ് കടുവയെ പിടിക്കാൻ സ്ഥാപിച്ചത്.
വിവിധ സ്ഥലങ്ങളിൽ കാമറ സ്ഥാപിച്ച് വനസേന നിരീക്ഷണം നടത്തിവരുന്നതിനിടെയാണ് കടുവ കുടുങ്ങിയത്. നേരത്തേ സർക്കാർമൂലയിൽ കൂട് സ്ഥാപിച്ച് കടുവയെ പിടിക്കാൻ നടത്തിയ ശ്രമം വിഫലമായിരുന്നു. കടുവയെ പിടികൂടാത്തതിൽ പ്രതിഷേധവുമായി ജനം രംഗത്ത് ഇറങ്ങിയിരുന്നു. കൂട്ടിലായ കടുവയെ കാണാൻ ദേഷവർഷോലയ്ക്കു പുറത്തുനിന്നും ആളുകളെത്തി. കടുവ കൂട്ടിലായതിന്റെ ആശ്വാസത്തിലാണ് നാട്ടുകാർ.
ഗൂഡല്ലൂർ ഡിഎഫ്ഒ വെങ്കിടേഷ് പ്രഭുവിന്റെ നേതൃത്വത്തിലാണ് കടുവയെ വനം ഓഫീസ് വളപ്പിലേക്ക് മാറ്റിയത്. കടുവയെ നിരീക്ഷിച്ചശേഷം തുടർ നടപടി സ്വീകരിക്കും.
Tags : Local News Nattuvishesham Wayanad