കൊട്ടിയം: ദേശീയ പാതയോരത്ത് പ്രവർത്തിക്കുന്ന സ്റ്റുഡിയോ കോംപ്ലക്സിൽ വൻ തീപിടിത്തം. തീ അടുത്ത കെട്ടിടങ്ങളിലേക്ക് പടർന്നെങ്കിലും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയതിനാൽ വൻ ദുരന്തം ഒഴിവാക്കാനായി. തീപിടിത്തത്തെ തുടർന്ന് മണിക്കൂറുകളോളം തിരുവനന്തപുരത്തേയ്ക്കുള്ള വാഹനഗതാഗതം തിരിച്ചു വിടേണ്ടി വന്നു.
കൊട്ടിയം ജംഗ്ഷനിൽ നിന്നും തിരുവനന്തപുരത്തേയ്ക്കുക്കുള്ള റോഡിന്റെ വശത്ത് പ്രവർത്തിക്കുന്ന ഷാർപ്പ് സ്റ്റുഡിയോ കോംപ്ലെക്സിലാണ് തീപിടിച്ചത്. ഇരുനില കെട്ടിടത്തിന്റെ മുകൾ ഭാഗത്ത് കമ്പികളും ഷീറ്റും ഉപയോഗിച്ച് ഷെഡ് നിർമിച്ചിട്ടുണ്ട്. ഫ്ലക്സുകളും പ്രിന്റിംഗ് സാമഗ്രികളും മറ്റും സൂക്ഷിക്കുന്നതും ബോർഡ് നിർമാണവും കട്ടിംഗും മറ്റും നടത്തുന്നതും ഈ ഭാഗത്താണ്. ഇവിടെയാണ് ആദ്യം പുക ഉയരുകയും ശക്തമായ അഗ്നിബാധ ഉണ്ടാവുകയും ചെയ്തത്. ഇന്നലെ പകൽ മൂന്നിനായിരുന്നു സംഭവം.
ഈ സമയം ഇരുപതോളം ജീവനക്കാർ സ്റ്റുഡിയോ കോംപ്ലക്സിൽ ജോലി ചെയ്യുന്നുണ്ടായിരുന്നു. ശക്തമായി പുക ഉയർന്നതോടെ ജീവനക്കാർ മുകൾ നിലകളിൽ നിന്നും രക്ഷപ്പെട്ട് താഴെയ്ക്ക് എത്തിയതിനാൽ മറ്റ് ദുരന്തങ്ങളുണ്ടായില്ല. തൊട്ടടുത്ത കെട്ടിടത്തിലെ വാട്ടർ ടാങ്ക് കത്തിയമർന്നു. തീപിടിത്തമുണ്ടായ കെട്ടിടത്തിൽ നിന്നും ഏകദേശം 30 മീറ്റർ അകലെയായിരുന്നു ഈ വാട്ടർ ടാങ്ക്. സ്ഥലത്ത് ഫയർഫോഴ്സ് എത്തിയെങ്കിലും രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു. ദേശീയപാതയുടെ നിർമാണം നടക്കുന്നത് മൂലമുള്ള തടസങ്ങളും തീപിടിച്ച കെട്ടിടത്തിൽ രക്ഷാപ്രവർത്തനം നടത്താൻ അടുത്ത കെട്ടിടങ്ങളിൽ നിന്നും സൗകര്യമില്ലാത്തതും രക്ഷാപ്രവർത്തനം ദുഷ്കരമാക്കി. മണിക്കൂറുകൾ കഴിഞ്ഞ ശേഷമാണ് തീയണച്ച് നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞത്.
ഇരുമ്പും ഷീറ്റുകളും ഉപയോഗിച്ച് നിർമിച്ച ഷെഡ് പൂർണമായും കത്തിയമർന്നു. ഇവിടെ സൂക്ഷിച്ചിരുന്ന രണ്ടായിരം കിലോയോളം തുക്കം വരുന്ന ഫ്ലക്സ്, പ്രിന്റിംഗിനുള്ള സാമഗ്രികൾ എന്നിവ കത്തിയമർന്നതായാണ് പ്രാഥമിക വിവരം. തൊട്ടടുത്ത കെട്ടിടങ്ങളിലേയ്ക്ക് തീ പടർന്നെങ്കിലും അത് നിയന്ത്രിക്കാനായി.. ഷോർട്ട് സർക്യൂട്ടാണ് അഗ്നിബാധയ്ക്ക് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. നഷ്ടങ്ങളെക്കുറിച്ച് വിവരങ്ങൾ ശേഖരിച്ചു കൊണ്ടിരിക്കയാണ്.
ദേശീയപാതയിൽ കൊട്ടിയത്ത് സർവീസസ് റോഡിനടുത്തുള്ള ഡിജിറ്റൽ കളർ ലാബിൽ വൻ തീപിടിത്തം ഉണ്ടായത് പരിഭ്രാന്തിക്ക് ഇടയാക്കി. തീപിടുത്തത്തിൽ കൊട്ടിയവും പരിസരവും പുകകൊണ്ട് മൂടി.
ജീവനക്കാർ ഉച്ചഭക്ഷണത്തിന് പോയിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി. കടയിൽ തീ പിടിക്കുന്നത് കണ്ടു ഓടിക്കൂടിയ നാട്ടുകാർ അറിയിച്ചത് അനുസരിച്ച്പരവൂർ, കുണ്ടറ, കൊല്ലം എന്നിവിടങ്ങളിൽ നിന്നായി അഞ്ച് യൂണിറ്റ് ഫയർഫോഴ്സും കൊട്ടിയം പോലീസും സ്ഥലത്തെത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയമാക്കുകയായിരുന്നു. മറ്റു കടകളിലേക്ക് തീ പടരാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി.ഫയർഫോഴ്സ് ഏറെ പണിപ്പെട്ടാണ്തീയണച്ചത്.
തീ പിടിച്ചതിന്റെ താഴത്തെ നിലവിൽ ഉണ്ടായിരുന്ന മെഷീനുകളും മറ്റും നശിച്ചിട്ടുണ്ട്. സംഭവമറിഞ്ഞ് വൻ ജനാവലിയാണ് കൊട്ടിയം ജംഗ്ഷനിൽ തടിച്ചുകൂടിയത്. തീപിടിത്തത്തെ തുടർന്ന് ഏറെനേരം ഗതാഗതവും തടസപ്പെട്ടു.
Tags : local nattuvishesham Fire breaks