പ്ലാസ്റ്റിക് ഉൽപ്പന്ന നിർമാണ യൂണിറ്റിലുണ്ടായ അഗ്നിബാധ.
ചേലക്കര: വെങ്ങാനെല്ലൂരിൽ പ്രവർത്തിക്കുന്ന പ്ലാസ്റ്റിക് ഉൽപ്പന്ന നിർമാണ യൂണിറ്റിൽ വൻ അഗ്നിബാധ. 'ശ്രീ മാധവ പെറ്റ് പ്രൊഡക്ട്സ്' എന്ന സ്ഥാപനത്തിനാണ് ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ തീപിടിച്ചത്.
പ്ലാസ്റ്റിക് അവശിഷ്ടങ്ങളും ഉൽപ്പന്നങ്ങളുംനിറഞ്ഞ യൂണിറ്റായതിനാൽ തീ അതിവേഗം ആളിപ്പടരുകയായിരുന്നു. വിവരമറിഞ്ഞ് വടക്കാഞ്ചേരിയിൽനിന്നു അഗ്നിശമനസേനയുടെ യൂണിറ്റുകൾ സ്ഥലത്തെത്തി ഏകദേശം ഒരു മണിക്കൂറിലേറെനീണ്ട തീവ്രശ്രമത്തിനൊടുവിലാണ് തീയണച്ചത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
തീപിടിത്തത്തിൽ ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങൾ സംഭവിച്ചതായാണ് പ്രാഥമിക കണക്കുകൾ. യൂണിറ്റിൽനിന്നു വൻതോതിൽ കറുത്ത പുക ഉയർന്നത് പ്രദേശവാസികളിൽ ആശങ്കപരത്തി. വടക്കാഞ്ചേരി ഫയർ സ്റ്റേഷൻ ഓഫീസർ നിതീഷിന്റെ നേതൃത്വത്തിൽ ഫയർ ഉദ്യോഗസ്ഥരായ മുകേഷ്, ഷിബു, സുധീഷ്, അജിത്, നിതിൻ ദേവ്, മനു മോഹൻ, ചെറിയാൻ എന്നിവരും ചേലക്കര പോലീസും നാട്ടുകാരും സംയുക്തമായാണ് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടത്.