കുമ്പനാട്: കുമ്പനാടിന് സമീപം തരിശു പുരയിടത്തിലെ കാടിനു തീപിടിച്ച് സമീപത്തുള്ള ട്രാൻസ്ഫോർമറിനു സമീപംവരെ എത്തിയത് ജനങ്ങളിൽ പരിഭ്രാന്തി പരത്തി. കുമ്പനാട് ഓതറ റോഡിൽ കൊച്ചാലുംമൂടിനു സമീപം പുത്തൻപീടിക ഭാഗത്ത് കഴിഞ്ഞ ദിവസം 11.30 ഓടെയാണ് തീപിടിത്തമുണ്ടായത്.
വഴിയാത്രക്കാരാണ് തീപിടി ത്തം ആദ്യം കണ്ടത്. ഇവർ പൊതുപ്രവർത്തകനായ സുബിൻ നീറുംപ്ലാക്കലിനെ വിവരം അറിയിച്ചു. ഉടൻതന്നെ അഗ്നിരക്ഷാ സേനയെയും കുമ്പനാട് കെഎസ്ഇബി ഓഫീസിലും നെല്ലിമല പൗരസമിതി പ്രവർത്തകരെയും സുബിൻ വിവരം അറിയിച്ചു. കെഎസ്ഇബി അസിസ്റ്റന്റ് എൻജിനിയർ വി.വി. വിനീത്,
സബ് എൻജിനിയർമാരായ സന്തോഷ് കുമാർ, പ്രദീപ് കുമാർ, എസ് .ഖിൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പുത്തൻപീടിക ഭാഗത്തു കൂടി കടന്നു പോകുന്ന 11കെവി ലൈനിലെയും ട്രാൻസ്ഫോർമറിലെ യും വൈദ്യുതിബന്ധം വിച്ഛേദിച്ചു.
തിരുവല്ലയിൽനിന്നെത്തിയ അഗ്നിരക്ഷാസേനാ ഒരുമണിക്കൂറുകൊണ്ടാണ് തീപിടിത്തം നിയന്ത്രണവിധേയമാക്കിയത്. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ശ്രീനിവാസ്, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അനിൽകുമാർ, ഫയർ ആൻഡ് റെസ്ക്യു ഓഫീസർമാരായ വിനോദ് ടൈറ്റസ്, ഷിബിൻ രാജ്, ആകാശ് തോമസ് എന്നിവർ നേതൃത്വം നൽകി.