വെള്ളരിക്കുണ്ട്: മലയോരത്ത് കാട്ടിലും നാട്ടിലും നിന്ന് ഓരോ ദിവസവും തീപിടിത്തത്തിന്റെ വാർത്തകൾ വരുമ്പോഴും ജില്ലയ്ക്ക് പുതുതായി അനുവദിച്ച അഗ്നിരക്ഷാനിലയം വരുന്നത് ചീമേനിയിൽ. നിലവിൽ അഗ്നിരക്ഷാനിലയമുള്ള കണ്ണൂർ ജില്ലയിലെ പെരിങ്ങോത്തു നിന്ന് 13 കിലോമീറ്ററും തൃക്കരിപ്പൂരിൽ നിന്ന് 18 കിലോമീറ്ററും മാത്രം ദൂരത്തിലാണ് ചീമേനി സ്ഥിതി ചെയ്യുന്നത്.
ദുർഗടമായ മലമടക്കുകളും വനാതിർത്തി പ്രദേശങ്ങളും ഉൾപ്പെടെയുള്ള വെള്ളരിക്കുണ്ട് താലൂക്കിന്റെ വിവിധ ഭാഗങ്ങളിലേക്ക് താരതമ്യേന കുറഞ്ഞ സമയത്തിൽ എത്തിച്ചേരാൻ കഴിയുന്ന ഏതെങ്കിലുമൊരു സ്ഥലത്ത് അഗ്നിരക്ഷാനിലയം സ്ഥാപിക്കണമെന്ന ആവശ്യമാണ് വീണ്ടും വെറുതെയായത്.
നേരത്തേ പ്ലാച്ചിക്കരയിലും ഭീമനടിയിലും പരപ്പ പുലിയംകുളത്തും അഗ്നിരക്ഷാനിലയം സ്ഥാപിക്കുന്നതിനായി ശ്രമങ്ങൾ നടന്നിരുന്നതാണ്. ആവശ്യത്തിന് സ്ഥലവും മറ്റു സൗകര്യങ്ങളും കിട്ടുന്നില്ലെന്നു പറഞ്ഞാണ് മൂന്നിടങ്ങളിലും പദ്ധതി അകന്നുപോയത്. ബന്ധപ്പെട്ട അധികൃതരുടെ താത്പര്യക്കുറവായിരുന്നു മൂന്നിടങ്ങളിലും അഗ്നിരക്ഷാനിലയം വരാതിരുന്നതിന് പ്രധാന കാരണമെന്ന് നാട്ടുകാർ പറയുന്നു.
ഇപ്പോൾ മലയോരമേഖലയിൽ തീപിടിത്തങ്ങളോ മറ്റ് അപകടങ്ങളോ ഉണ്ടായാൽ കാഞ്ഞങ്ങാട്, കുറ്റിക്കോൽ, തൃക്കരിപ്പൂർ, പെരിങ്ങോം എന്നിവിടങ്ങളിൽ നിന്നാണ് അഗ്നിരക്ഷാസേന എത്തേണ്ടത്. എത്തിപ്പെടാനുള്ള ദൂരവും സമയവും കൂടുതലായതുകൊണ്ട് മിക്കവാറും സേനയെത്തുന്നതിനു മുമ്പ് നാട്ടുകാർ തീയണയ്ക്കുകയോ എല്ലാം കത്തിത്തീരുകയോ ആണ് ഉണ്ടാകുക. ഇനി ചീമേനിയിൽ കൂടി അഗ്നിരക്ഷാനിലയം തുടങ്ങിയാലും മലയോരത്തെ സ്ഥിതിയിൽ കാര്യമായ മാറ്റമൊന്നും ഉണ്ടാകാനിടയില്ല.
കൊന്നക്കാട് നിന്ന് ചീമേനിയിലേക്ക് 30 കിലോമീറ്ററും പെരിങ്ങോത്തേക്ക് 26 കിലോമീറ്ററുമാണ് ദൂരം. വെള്ളരിക്കുണ്ട് താലൂക്കിലെ മറ്റു പല പ്രദേശങ്ങളിലേക്കും പെരിങ്ങോത്തു നിന്നും കാഞ്ഞങ്ങാട്ടു നിന്നും കുറ്റിക്കോലിൽ നിന്നുമൊക്കെ ഉള്ളതിനേക്കാൾ കൂടിയ ദൂരമാണ് ചീമേനിയിലേക്കുള്ളത്.
ചീമേനിയിൽ അഗ്നിരക്ഷാനിലയം അനുവദിച്ച സാഹചര്യത്തിൽ ഇനി മലയോരമേഖലയിൽ മറ്റൊരു അഗ്നിരക്ഷാനിലയം കൂടി പെട്ടെന്നൊന്നും വരാനിടയില്ല. രാഷ്ട്രീയ താത്പര്യങ്ങളുടെ കൂടി പേരിലാണ് മലയോരമേഖലയ്ക്ക് ലഭിക്കേണ്ടിയിരുന്ന അഗ്നിരക്ഷാനിലയം കയ്യൂർ-ചീമേനി പഞ്ചായത്തിലേക്ക് വഴിമാറ്റി കൊണ്ടുപോയതെന്നാണ് നാട്ടുകാരുടെ പരാതി.
Tags : Fire station nattuvishesham local news