ചാവക്കാട്: മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ചു വരുന്നതിനിടയിൽ ശക്തമായ തിരയിൽപ്പെട്ടു വഞ്ചിയിൽ നിന്ന് തെറിച്ചു വീണ മത്സ്യത്തൊഴിലാളി മരിച്ചു. തളിക്കുളം സ്നേഹതീരം ഇഷ്ത്താക്കിരി ആണ്ടി മകൻ ശിവന്റെ (55) മൃതദേഹമാണ് മുനക്കക്കടവ് തീരദേശ പോലീസ് സ്റ്റേഷനു സമീപം പുഴയിൽ കണ്ടെത്തിയത്.
തളിക്കുളം സ്വദേശി നന്ദുവിന്റെ ഉടമസ്ഥതയിലുള്ള ഗുരുവായൂരപ്പൻ വഞ്ചിയിൽ നിന്നാണ് കടലിൽ വീണത്. ഞായറാഴ്ച രാവിലെ കടപ്പുറം അഴിമുഖത്ത് ശക്തമായ തിരയിൽപ്പെട്ട വഞ്ചിയിൽ നിന്ന് ശിവൻ കടലിലേക്ക് തെറിച്ചുവീഴുകയായിരുന്നു. സഹതൊഴിലാളികൾ കയർ എറിഞ്ഞു കൊടുത്തുവെങ്കിലും ശിവൻ താഴ്ന്നുപോയി. തീരദേശ പോലീസ്, ഫിഷറീസ് ബോട്ട്, മത്സ്യത്തൊഴിലാളികൾ എന്നിവർ ഉടനെ തെരച്ചിലിന് ഇറങ്ങി. രാത്രിയിലും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയില്ല.
ഇന്നലെ രാവിലെ വീണ്ടും തെരച്ചിലിന് ഇറങ്ങുന്നതിനിടയിലാണ് മൃതദേഹം ചേറ്റുവ പുഴയിൽ കണ്ടത്. പോലീസ് നടപടികൾ സ്വീകരിച്ചു. ഭാര്യ: സുജാത. മക്കൾ: അശ്വതി, അശ്വനി, അക്ഷയ. മരുമക്കൾ: നിതിൻ, മിഥുൻ.
Tags : Fisherman falling into sea boat