ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ഉത്സവത്തിനു ക്ഷേത്രം തന്ത്രി താഴമണ്‍ മഠം കണ്ഠര് ബ്രഹ്മദത്തന്, മേല്‍ശാന്തി ഇങ്ങേത്തല രാമന് സത്യ
ഏറ്റുമാനൂർ: പഞ്ചാക്ഷരീ മന്ത്രമുയർത്തിയ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ ഉത്സവത്തിന് ഇന്നലെ രാവിലെ കൊടിയേറി. ക്ഷേത്രം തന്ത്രി താഴമൺ മഠം കണ്ഠര് ബ്രഹ്മദത്തൻ, മേൽശാന്തി ഇങ്ങേത്തല രാമൻ സത്യനാരായണൻ എന്നിവരുടെ മുഖ്യ കാർമികത്വത്തിലായിരുന്നു കൊടിയേറ്റ്. ചോറ്റാനിക്കര സുഭാഷ് നാരായണ മാരാരുടെയും സംഘത്തിന്റെയും പഞ്ചവാദ്യം അകമ്പടിയേകി. ദേവസ്വം മന്ത്രി വി.എൻ. വാസവനും ദേവസ്വം ബോർഡ് അധികൃതരും ക്ഷേത്ര ഉപദേശക സമിതി അംഗങ്ങളും സന്നിഹിതരായിരുന്നു.
കൊടിയേറിയതോടെ ക്ഷേത്രത്തിലേക്ക് ഭക്തജന പ്രവാഹം ആരംഭിച്ചു. വൈകുന്നേരം മട്ടന്നൂർ ശ്രീരാജ് മാരാരും ചിറയ്ക്കൽ നിധീഷ് മാരാരും നയിച്ച ഇരട്ടതായമ്പക നടന്നു. തിരുവരങ്ങിൽ രാവിലെ 11 മുതൽ കലാപരിപാടികൾ അരങ്ങേറി. രാത്രി ഡോ. വൈക്കം വിജയലക്ഷ്മിയുടെയും സംഘത്തിന്റെയും ഭക്തിഗാനമേളയും നടന്നു.
രാത്രി എട്ടിനാരംഭിച്ച സാംസ്കാരിക സമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. ക്ഷേത്രം ഉപദേശകസമിതി പ്രസിഡന്റ് പി.കെ. രാജൻ അധ്യക്ഷത വഹിച്ചു. നാദസ്വര ചക്രവർത്തി തിരുവിഴ ആർ. ജയശങ്കർ വിശിഷ്ടാതിഥിയായിരുന്നു. കാഴ്ചപ്പന്തൽ ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓൺ കർമവും ഇന്നലെ നടന്നു.
ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ ഭക്തരെ ഏറ്റവും കൂടുതൽ ആകർഷിക്കുന്ന ഉത്സവബലി ദർശനം രണ്ടാം ഉത്സവ ദിനമായ ഇന്നു മുതൽ ഒമ്പതാം ഉത്സവ ദിനമായ 26 വരെ നടക്കും. ഈ ദിവസങ്ങളിൽ അഭൂതപൂർവമായ ഭക്തജനത്തിരക്കായിരിക്കും അനുഭവപ്പെടുക. ഈ ദിവസങ്ങളിലാണ് ശ്രീബലിയും കാഴ്ചശ്രീബലിയും വേലകളിയും നടക്കുന്നത്. ഏറ്റുമാനൂർ ഉത്സവത്തിന്റെ ഒരിക്കലും തെറ്റാത്ത പതിവായ മേജർ സെറ്റ് കഥകളി മൂന്ന്, നാല്, അഞ്ച് ഉത്സവ നാളുകളായ 20, 21, 22 തീയതികളിൽ നടക്കും. മൂന്നാം ഉത്സവം മുതൽ ഒമ്പതാം ഉത്സവം വരെയുള്ള ദിവസങ്ങളിൽ താലപ്പൊലി സമർപ്പണം.
എട്ടാം ഉത്സവ ദിനമായ 25നാണ് പ്രശസ്തമായ ഏഴരപ്പൊന്നാന ദർശനവും വലിയ കാണിക്കയും. 26ന് പള്ളിനായാട്ട്. 27ന് ആറാട്ടോടെ ഉത്സവം സമാപിക്കും. രണ്ടാം ഉത്സവ ദിനമായ ഇന്നു രാവിലെ ശ്രീബലിക്ക് വെളിയന്നൂർ അരുൺ മാരാരുടെ പ്രാമാണികത്വത്തിൽ പഞ്ചാരിമേളവും വൈകുന്നേരം കാഴ്ചശ്രീബലിക്ക് വൈക്കം ചന്ദ്രൻ മാരാരുടെ നേതൃത്വത്തിൽ സ്പെഷൽ പഞ്ചവാദ്യവും അകമ്പടിയേകും. രാത്രി 12ന് കൊടിക്കീഴിൽ വിളക്ക് നടക്കും. കീഴൂർ അനിൽ കുറുപ്പിന്റെയും സംഘത്തിന്റെയും പഞ്ചവാദ്യം അകമ്പടിയേകും.
പോലീസ് കൺട്രോൾ റൂം തുറന്നു
ഏറ്റുമാനൂർ: മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് 24 മണിക്കൂറും പ്രവർത്തിക്കുന്ന പോലീസ് കൺട്രോൾ റൂം ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിൽ തുറന്നു. ജില്ലാ പോലീസ് മേധാവി എ. ഷാഹുൽ ഹമീദ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. ഏറ്റുമാനൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്എച്ച്ഒ കെ. ശ്യാം, ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്. അഭിലാഷ്, എസ്ഐമാരായ തോമസ് ജോസഫ്, ജയപ്രകാശ്, രാജീവ്, ഉദയൻ തുടങ്ങിയവർ പങ്കെടുത്തു.
Tags : Local News Nattuvishesham Kottayam