എസ്. രാജേന്ദ്രകുമാർ
വിഴിഞ്ഞം: കടൽ മത്സ്യം കഴിച്ചു രണ്ടുപേർ മരിച്ചതോടെ വിഴിഞ്ഞത്തെ ഹോട്ടലുകളിൽ പരിശോധനകർശനമാക്കി ആരോഗ്യ വകുപ്പ് അധികൃതർ. പതിനഞ്ചോളം സ്ഥാപനങ്ങൾക്ക് ഇന്നലെ നോട്ടീസ് നൽകി. ഇന്നും നാളെയുമായി കൂടുതൽ പരിശോധനകൾ ഉണ്ടാകും.
നിയമലംഘകർക്കെതിരേ നടപടിയെടുക്കാനുള്ള കർശന നിയമം കേരളത്തിൽ ഇല്ലാത്തതു മുതലെടുത്താണ് അനധികൃത സ്ഥാപനങ്ങൾ വളരുന്നതെന്ന് അധികൃതർ പറഞ്ഞു. കഴിഞ്ഞ ദിവസം രണ്ടു പേരുടെ മരണത്തിനിടയാക്കിയ ഫാസ്റ്റ് ഫുഡ് കടയുടെ പ്രവർത്തനം തുടങ്ങിയിട്ട് നാലു വർഷത്തോളമായെങ്കിലും കടക്ക് ലൈസൻസ്ഇല്ലെന്നാണ് അറിയുന്നത്. ഫുഡ് സേഫ്റ്റി സർട്ടിഫിക്കറ്റിന്റെ പിൻബലത്തിലായിരുന്നു ഇവരുടെ പ്രവർത്തനം. സംഭവം വിവാദമായ ശേഷമാണ് തൊട്ടടുത്ത കടകളിലെ ജീവനക്കാർക്കു പോലും തിടുക്കത്തിൽ ഹെൽത്ത് കാർഡ് എടുത്തതെന്നും പറയപ്പെടുന്നു. ഇതുൾപ്പെടെ വൈകുന്നേരങ്ങളിൽ പ്രവർത്തിക്കുന്ന പല സ്ഥാപനങ്ങൾക്കും ലൈസൻസോ മറ്റു സംവിധാനങ്ങളോ ഇല്ലെന്നും ഉദ്യോഗസ്ഥർ പറയുന്നു.
കുറ്റക്കാർക്കെതിരേ നടപടിയെടുക്കുന്നതിന് ഉന്നതരാഷ്ട്രിയ ബന്ധങ്ങളും പ്രതിബന്ധമാകുന്നുണ്ട്. ഇതിനിടയിൽ വിഴിഞ്ഞം ശുദ്ധമായ മീനിന്റെ കലവറയെന്ന വിശ്വാസത്തിനും കനത്ത തിരിച്ചടിയാണ് ഉണ്ടായത്. വിഴിഞ്ഞത്തു മീനില്ലാതെ വന്നതോടെ തമിഴ്നാട്, ആന്ധ്രാപ്രദേശ് ഉൾപ്പെടെയുള്ള ഇതര സംസ്ഥാന ങ്ങളിൽനിന്നും മത്സ്യം വിളമ്പിയതാണു വിനയായതെന്നു ഭക്ഷ്യ സുരക്ഷാ വിഭാഗം കരുതുന്നു. ഇവയുടെ വരവ് തടയുന്നതിന് സംവിധാനമൊരുക്കാൻ ബന്ധപ്പെട്ടവർ കാണിക്കുന്ന അലംഭാവം വൻ വിപത്തിലേക്ക് കാരണമാകുമെന്നാണ് വിലയിരുത്തൽ.
മൂന്നുമാസം മുൻപ് അതിർത്തി കടന്നെത്തിയ ഒരു കണ്ടെയ്നർ നിറയെ ചെമ്പല്ലിമീനിന്റെ മുള്ളും തലയും കഴിച്ച് ജില്ലയിലുടനീളം നൂറുകണക്കിന് ആളു കൾ ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയിലായെങ്കിലും അധികൃതർ അനങ്ങിയില്ല. സാമ്പിളുകൾ ശേഖരിച്ചു നടത്തിയ പരിശോധനയിൽ വിഷമുണ്ടെന്ന് കണ്ടെത്തിയ അധികൃതർ ജനങ്ങൾക്ക് വേണ്ടബോധവത്കരണം നടത്തേണ്ടതിന് പകരം ലാബ് റിപ്പോർട്ട് പൂഴ്ത്തിവയ്ക്കുകയാ ണുണ്ടായത്.
രണ്ടു പേരുടെ ജീവഹാനിക്ക് കാരണമായ ഹോട്ടലിൽ വിളമ്പിയ ഭക്ഷണത്തിൽനിന്നു കൊഞ്ചിന്റെയും കണവയുടെയും സാമ്പിളുകൾ മാത്രമാണ് അധികൃതർക്ക് ശേഖരിക്കാനായത്. കല്ലുമ്മക്കായ് പ്രാദേശികമായി ശേഖരിച്ചതാണെന്നും മീൻമുട്ട കൊച്ചിയിൽനിന്ന് എത്തിച്ചതാണെന്നും ബന്ധപ്പെട്ടവർ പറയുന്നു. ഇവയുടെ സാമ്പിളുകൾ ശേഖരിച്ച് ലാബിലേക്ക് അയച്ചാലും ഫലം വരാൻ ഒരു മാസംവരെ കാത്തി രിക്കേണ്ടി വരുമെന്നാണറിവ്. അത്രയും സമയത്തിനുള്ളിൽ എല്ലാകോലാഹലങ്ങളും കെട്ടടങ്ങും. അതോടെ റിപ്പോർട്ടും വെളിച്ചം കാണാതെ പോകും. പൊടിപ്പും തൊങ്ങലുംവച്ച് സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള പ്രചാരണമാണ് വിഴിഞ്ഞത്തെ മീൻ കൊതിയൻമാരുടെ ഇഷ്ട കേന്ദ്രമാക്കിയത്.
കടലിൽനിന്നു പിടികൂടി മായം കലർത്താത്ത മീൻ കഴിക്കാമെന്ന വിശ്വാസത്തിൽ കേരളത്തിന്റെ വിവിധ സ്ഥലങ്ങളിൽനിന്നു നൂറുകണക്കിന് ആളുകളാണു ഇവിടെ വന്നു പോകുന്നത്. ആവശ്യക്കാരുടെ വരവ് വർധിച്ചതോടെ സീഫുഡ് കടകളുടെ എണ്ണവും കൂണുപോലെ വർധിച്ചു. ചെറുതും വലുതുമായി 150 ഓളം ഭക്ഷണശാലകൾ വിഴിഞ്ഞം മേഖലയിൽ മാത്രം പ്രവർത്തിക്കുന്നതായാണ് അധികൃതരുടെ കണക്ക് കൂട്ടൽ. മത്സരം വർധിച്ചതോടെ മാറ്റു സ്ഥലങ്ങളിൽ നിന്നുള്ള മീനുകളുടെ വരവും വർധിച്ചിട്ടുണ്ട്.