കരുനാഗപ്പള്ളി കാട്ടിൽകടവ്
കരുനാഗപ്പള്ളി : കുലശേഖരപുരം-ആലപ്പാട് പഞ്ചായത്തുകളെ ബന്ധിപ്പിച്ച് കാട്ടിൽകടവിൽ നിർമിക്കുന്ന പാലത്തിനു ടെൻഡർ നടപടികൾ പൂർത്തിയായി. പൊതുമരാമത്ത് മന്ത്രിയുടെ സമയം ലഭിക്കുന്ന മുറയ്ക്കു നിർമാണോദ്ഘാടനം നടത്തുമെന്ന് സി.ആർ. മഹേഷ് എംഎൽഎ അറിയിച്ചു.
കാട്ടിൽകടവിൽ ടിഎസ് കനാലിനു കുറുകേ പാലം നിർമിക്കണമെന്ന ആവശ്യം ഉയർന്നിട്ട് വർഷങ്ങളായിരുന്നു. 2016-ൽ ഇതിനായി ആക്ഷൻ കൗൺസിൽ രൂപവത്കരിക്കുകയും ചെയ്തു.
2017-18 ബജറ്റിൽ പാലം നിർമിക്കുന്നതിന് 20 കോടി രൂപ ഉൾക്കൊള്ളിച്ചു. 2019-ൽ കിഫ്ബി മുഖേന പാലം നിർമിക്കുന്നതിനായി 30.89 കോടി രൂപ അനുവദിച്ചു. ഇതിനു ഭരണാനുമതിയും ലഭിച്ചു. എന്നാൽ സ്ഥലമേറ്റെടുക്കൽ നടപടികൾ ഇഴഞ്ഞു. ഇതേത്തുടർന്ന് കളക്ടറുടെ അധ്യക്ഷതയിൽ പ്രത്യേകം യോഗങ്ങൾ വിളിച്ചുചേർത്തു. 2022 അവസാനത്തോടെ സ്ഥലമേറ്റെടുക്കൽ നടപടികൾ പൂർണമായി.
2023 ഏപ്രിലിൽ 44.89 കോടി രൂപയുടെ ധനാനുമതി ലഭിച്ചു. 2024 ഡിസംബറിൽ കിഫ്ബി യോഗം ചേരുകയും ടെൻഡറിന് അനുമതി കൊടുക്കുകയും ചെയ്തു. 2025 മാർച്ചിൽ ടെൻഡർ ചെയ്തെങ്കിലും ഒരു സൊസൈറ്റി 16 ശതമാനം കൂടുതൽ തുകയ്ക്ക് ടെൻഡർ സമർപ്പിച്ചതിനാൽ അംഗീകാരം ലഭിച്ചില്ലെന്ന് എംഎൽഎ പറഞ്ഞു. ഇതോടെ 2026 ജനുവരിയിൽ വീണ്ടും ടെൻഡർ ചെയ്തു.
15.84 ശതമാനം കൂടുതൽ തുകയ്ക്ക് ഇതേ സൊസൈറ്റിക്കു ടെൻഡർ നൽകിയതായും എംഎൽഎ. അറിയിച്ചു. ഫെബ്രുവരിയിൽ ടെൻഡർ കമ്മിറ്റിയുടെ അംഗീകാരവും ലഭിച്ചു. ടെൻഡർ കമ്മിറ്റിയുടെ മിനിറ്റ്സ് കിട്ടിയാൽ ഉടൻ എഗ്രിമെന്റ് വെക്കുമെന്ന് കെആർഎഫ്ബി ചീഫ് എൻജിനിയർ അറിയിച്ചതായി എംഎൽഎ. പറഞ്ഞു.
Tags : Local News Nattuvishesham Kollam