കോതമംഗലത്ത് എംഎൽഎ ഫണ്ട് വിനിയോഗിച്ച് വനം വകുപ്പ് ദ്രുതകർമസേനയ്ക്കായി വാങ്ങിയ വാഹനങ്ങളുടെ താക്കോൽ മന്ത്രി പി. രാജീവ് കൈമാറുന്നു.
കോതമംഗലം: എംഎൽഎ ഫണ്ട് വിനിയോഗിച്ച് വനം വകുപ്പിന്റെ ദ്രുതകർമസേനയ്ക്ക് വാഹനങ്ങൾ കൈമാറി. വന്യമൃഗ ശല്യം രൂക്ഷമായ നേര്യമംഗലം ചെമ്പൻകുഴി, കുട്ടമ്പുഴ ഉരുളൻതണ്ണി പ്രദേശങ്ങളിൽ വനം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ദ്രുത കർമ സേനകൾക്കാണ് വാഹനങ്ങൾ നൽകിയത്. 25 ലക്ഷം രൂപ ചെലവഴിച്ചു വാങ്ങിയ രണ്ട് മഹേന്ദ്ര ബൊലേറോ ക്യാമ്പർ വാഹനങ്ങളാണ് വാങ്ങിയിട്ടുള്ളത്. മന്ത്രി പി. രാജീവ് വാഹനങ്ങൾ മൂന്നാർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ സാജു വർഗീസിന് കൈമാറി.
കോതമംഗലം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ ആന്റണി ജോൺ എംഎൽഎ അധ്യക്ഷത വഹിച്ചു. സ്കൂളുകൾ, പാലിയേറ്റീവ് കെയറുകൾ, സാമൂഹിക ക്ഷേമ കേന്ദ്രങ്ങൾ എന്നിവയ്ക്ക് മാത്രമാണ് എംഎൽഎ ഫണ്ടിൽനിന്നും വാഹനം അനുവദിക്കുവാൻ സാധിക്കുക. എന്നാൽ മണ്ഡലത്തിലെ വന്യ മൃഗ ശല്യം തടയുന്നതിനായി സർക്കാരിൽനിന്നും പ്രത്യേക അനുമതി വാങ്ങിയാണ് ആസ്തി വികസന ഫണ്ടിൽ നിന്നും വാഹനങ്ങൾ വാങ്ങി നൽകിയത്.
വനംവകുപ്പിലെ മികച്ച സേവനത്തിന് 2024 - ലെ കേരള മുഖ്യമന്ത്രിയുടെ ഫോറസ്റ്റ് മെഡലിന് അർഹനായ ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ജി.ജി. സന്തോഷ്, 2025ലെ മികച്ച സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ ഫോറസ്റ്റ് മെഡലിന് അർഹനായ എം ദിലീപ് കുമാർ എന്നിവരെ ആദരിച്ചു.
Tags : Forest Department Rapid Action Force Local News Nattuvishesham Ernakulam