കൽപ്പറ്റ: വനാവകാശ നിയമപ്രകാരം അവകാശപ്പെട്ട ഭൂമിക്ക് പട്ടയം അനുവദിക്കുന്നതിൽ അധികാരികൾക്ക് വിമുഖത. ഇതിൽ പ്രതിഷേധിച്ച് പട്ടികവർഗ കുടുംബങ്ങൾ നിയമപ്രകാരം ലഭിക്കേണ്ട ഭൂമിയിൽ കാർഷിക വൃത്തി തുടങ്ങുന്നു.
തവിഞ്ഞാൽ പഞ്ചായത്തിലെ മേലേ തലപ്പുഴ വനാവകാശ കമ്മിറ്റിയുടേതാണ് കൃഷി ഇറക്കാനുള്ള തീരുമാനം. തവിഞ്ഞാൽ പഞ്ചായത്തിലെ മക്കിമല, കൈതക്കൊല്ലി പ്രദേശങ്ങളിലെ 140 ഓളം ആദിവാസി കുടുംബങ്ങൾക്ക് വനാവകാശ നിയമപ്രകാരം ഭൂമിക്ക് അർഹതയുണ്ട്. കുറിച്യ, പണിയ, കാട്ടുനായ്ക്ക വിഭാഗത്തിൽപ്പെട്ടതാണ് ഈ കുടുംബങ്ങൾ.
ഉദ്യോഗസ്ഥതലത്തിലെ അലംഭാവമാണ് അവകാശപ്പെട്ട ഭൂമി ലഭിക്കുന്നതിന് മുഖ്യതടസമെന്ന് മേലേ തലപ്പുഴ വനാവകാശ കമ്മിറ്റി പ്രസിഡന്റ് സി. ചന്തു, സെക്രട്ടറി എം.കെ. ശശി, പി. ഭാസ്കരൻ എന്നിവർ പറഞ്ഞു.
തവിഞ്ഞാൽ പഞ്ചായത്ത് സെക്രട്ടറി അടക്കം പങ്കെടുത്ത വനാവകാശ ഗ്രാമസഭ 2021 നവംബർ 30ന് ചേർന്നിരുന്നു. ഗ്രാമസഭയിൽ പങ്കെടുത്തതിൽ അഞ്ച് സ്ത്രീകളെയും 10 പുരുഷൻമാരെയും ഉൾപ്പെടുത്തി എഫ്ആർസി രൂപീകരിച്ചു.
തുടർന്ന് 56 ക്ലെയിമുകൾ ഗ്രാമസഭ ഫീൽഡ് വെരിഫിക്കേഷൻ നടത്തി അംഗീകരിച്ചു. ഈ ക്ലെയിമുകൾ 2024 സെപ്റ്റംബർ 28ന് സബ് ഡിവിഷണൽ കമ്മിറ്റിക്ക് സമർപ്പിച്ചു. മുഴുവൻ ക്ലെയിമുകളും 2025 ജൂണ് ഒന്പതിന് സബ് ഡിവിഷണൽ കമ്മിറ്റി പരിശോധിച്ച് തുടർ നടപടികൾക്ക് ജില്ലാതല കമ്മിറ്റിക്കു വിട്ടു. ഓഗസ്റ്റ് 14ന് ചേർന്ന ജില്ലാതല കമ്മിറ്റി വിഷയം ചർച്ച ചെയ്തെങ്കിലും ഓരോ അപേക്ഷയിലും പരിശോധന നടത്തേണ്ടതുണ്ടെന്ന് അഭിപ്രായപ്പെട്ട് ക്ലെയിമുകൾ പരിഗണിക്കുന്നത് അടുത്ത ജില്ലാതല കമ്മിറ്റിയിലേക്ക് മാറ്റി.
എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും ജില്ലാതല കമ്മിറ്റി ചേർന്നില്ല. വനാവകാശ കമ്മിറ്റി കഴിഞ്ഞ ഒക്ടോബർ 10നും ഫെബ്രുവരി അഞ്ചിനും നൽകിയ കത്തുകൾക്ക് മറുപടി ലഭിച്ചില്ല. ഈ സാഹചര്യത്തിലാണ് നിയമപ്രകാരം അവകാശപ്പെട്ട ഭൂമിയിൽ കാർഷിക വൃത്തികൾ നടത്താനുള്ള തീരുമാനം.2006ലെ വനാവകാശ നിയമപ്രകാരം ആദിവാസി കുടുംബങ്ങൾക്ക് പട്ടയം ലഭിക്കേണ്ട ഭൂമികളിൽ ഏറെയും വനം വകുപ്പ് കൈയടക്കിവച്ചിരിക്കയാണെന്ന് വനാവകാശ കമ്മിറ്റി ഭാരവാഹികൾ ആരോപിച്ചു.
Tags : Local News Nattuvishesham Wayanad