തിരുവല്ലം: മുന്‍ വിരോധത്തിന്റെ പേരില്‍ യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഘത്തിലെ നാലുപേരെ തിരുവല്ലം പോലീസ് അറസ്റ്റ് ചെയ്തു. തിരുവല്ലം വാഴമുട്ടം സ്കൂളിനു സമീപം താമസിക്കുന്ന അഖില്‍ (25), സഹോദരന് അഖിലേഷ് (22), പാച്ചല്ലൂര്‍ സ്വദേശികളാ യ രഞ്ജിത്ത് (36), നന്ദു (32) എന്നിവരെയാണ് തിരുവല്ലം പോലീസ് അറസ്റ്റ് ചെയ്തത്. ഇനി ഒരാള്‍കൂടി പിടിയിലാകാനുള്ളതായി പോലീസ് പറഞ്ഞു.
തിങ്കളാഴ്ച പുലര്‍ച്ചെ 12.15 ഓടുകൂടി പാച്ചല്ലൂര്‍ വാഴമുട്ടത്തുളള ഡയമണ്ഡ് പാലസ് ബാറിനു മുന്നിലായിരുന്നു കേസിനിടയായ സംഭവം നടന്നത്. ബാറിനു സമീപം നില്‍ക്കുകയായിരുന്ന തിരുവല്ലം ടോള്‍ പ്ലാസയ്ക്കു സമീപം താമസിക്കുന്ന സുജിത്തിനെ സംഘം കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.
മാരകമായി പരിക്കേറ്റ സുജിത്ത് തിരുവനന്തപുരത്തുള്ള സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ്. ഒരു വര്‍ഷം മുന്‍പുണ്ടായ വാക്കുതര്‍ക്കവും വിരോധവുമാണ് ആക്രമണത്തിനു കാരണമായതെന്ന് പോലീസ് പറഞ്ഞു.
ഞായറാഴ്ച രാത്രി വളരെ വൈകിയും ഇരുവിഭാഗവും തമ്മില്‍ ഫോണിലൂടെ വാക്കേറ്റമുണ്ടാകുകയും ഇതു വെല്ലുവിളിയിലേയ്ക്ക് കടക്കുകയുമായിരുന്നു. തുടര്‍ന്ന് വാഴമുട്ടത്തെ ബാറിനു മുന്നില്‍ സുജിത്ത് ഉണ്ടെന്ന റിഞ്ഞ സംഘം വാഹനങ്ങളില്‍ അവിടെ എത്തുകയും സുജിത്തിനെ കുത്തിപ്പരിക്കേല്‍പ്പിക്കുകയുമായിരുന്നു.
സംഘം മദ്യലഹരിയിലായിരുന്നതായിട്ടാണ് സൂചന. സുജിത്തിന്റെ വീട്ടുകാര്‍ നല്കിയ പരാതിയില്‍ കേസെടുത്ത പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ നാലുപേരും പിടിയിലായത്. തിരുവല്ലം എസ്എച്ച്ഒ ജെ.പ്രദീപിന്റെ നേതൃത്വത്തില്‍ എസ്ഐമാരായ മഹേഷ്, അരുണ്‍, പ്രമോദ്, മോഹനന്, എഎസ്ഐ അനു, എസ്സിപിഒമാരായ ബിജു, ഷിജു എന്നിവരുള്‍പ്പെട്ട സംഘം അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി.