പെരിയാറിലെ നീന്തൽ പരിശീലനം ജെബി മേത്തർ എംപി ഫ്ലാഗ് ഓഫ് ചെയ്യുന്നു
ആലുവ: പ്രശസ്ത നീന്തൽ പരിശീലകൻ സജി വാളശേരിയുടെ പെരിയാറിലെ സൗജന്യ നീന്തൽ പരിശീലനം ഇനി കൂടുതൽ സുരക്ഷയൊരുക്കി. ഉത്തർപ്രദേശിൽനിന്ന് എത്തിച്ച ഇരുമ്പ് പൈപ്പുകളുപയോഗിച്ച് പുഴയിൽ കൃത്രിമ ട്രാക്കുകൾ ഒരുക്കിയാണ് നീന്തൽ പരിശീലനം ഈ വർഷം മുതൽ നൽകുന്നത്.
സ്വിമ്മിംഗ് പൂൾ മാതൃകയിൽ ഇരുമ്പ് പൈപ്പുകളിൽ പുഴയിൽ 70 അടിയിലും 100 അടിയിലും ആയി തയ്യാറാക്കിയിരിക്കുന്ന ട്രാക്കുകളിൽ ഒരു ദിവസം 2 ബാച്ചുകളിലായി 1000 ൽ അധികം പേരെ നീന്തൽ പരിശീലിപ്പിക്കുവാൻ സാധിക്കും. നീന്തലറിയാത്ത ഏതൊരാൾക്കും രാവിലെ 5:30 ന് എത്തിയാൽ നീന്തൽ പരിശീലിക്കാം.
ഇന്നലെ ആലുവ മണപ്പുറം ദേശം കടവിൽ നടന്ന ചടങ്ങിൽ പതിനേഴാം വർഷത്തെ സൗജന്യ നീന്തൽ പരിശീലനം ജേബി മേത്തർ എംപി ഫ്ലാഗ് ഓഫ് ചെയ്തു. വനിതകൾ, ശാരീരിക പരിമിതി ഉള്ളവർ, ഭിന്ന ശേഷിക്കാരായ കുട്ടികൾ എന്നിവർക്ക് അനുയോജ്യമായ രീതിയിലാണ് നീന്തൽ പരിശീലനമെന്ന് സജി വാളശേരി പറഞ്ഞു.
സുരക്ഷയുടെ ഭാഗമായി യന്ത്രവൽകൃത ബോട്ടും കരയിൽ ആധുനീക സൗകര്യങ്ങളോടെയുള്ള ആംബുലൻസ് ഉൾപ്പെടെയാണ് പരിശീലനം നടത്തുന്നത്.