ആലക്കോട് പഴയ തിയേറ്റർ കോംപ്ലക്സിൽ മാലിന്യം കുമിഞ്ഞുകൂടിയ നിലയിൽ.
ആലക്കോട്: ആലക്കോട് ടൗണിലെ തിയേറ്റർ കോംപ്ലക്സിൽ മാലിന്യങ്ങൾ കുമിഞ്ഞുകൂടുന്നത് കടുത്ത പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമാകുന്നു. കൂടാതെ, ഈ പ്രദേശം മദ്യപസംഘങ്ങളുടെ വിളയാട്ട കേന്ദ്രവുമാണ്. സ്ത്രീകൾ അടക്കമുള്ള യാത്രക്കാർ ഇതുവഴി സഞ്ചരിക്കാൻ മടിക്കുകയാണ്.
നൂറു കണക്കിന് മുറികളോടു കൂടിയ കോംപ്ലക്സിൽ മിക്ക മുറികളും അടഞ്ഞു കിടക്കുന്ന നിലയിലാണ്. ചുരുങ്ങിയ മുറികളിൽ മാത്രമാണ് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്. പല വ്യക്തികളുടെ ഉടമസ്ഥാവകാശത്തിലാണ് കോംപ്ലക്സ്. അടഞ്ഞു കിടക്കുന്ന മുറികളുടെ മുന്നിലും കോംപ്ലക്സിന്റെ പരിസരങ്ങളിലും വൻതോതിൽ മാലിന്യം കുമിഞ്ഞുകൂടിയ നിലയിലാണ്. പുറത്തുനിന്ന് മാലിന്യങ്ങൾ ഇവിടെ കൊണ്ടുവന്ന് തള്ളുന്നതായി നാട്ടുകാർ പറയുന്നു.
മാലിന്യങ്ങൾ നിറഞ്ഞ് വൃത്തിഹീനമായ അവസ്ഥയിലാണ് പ്രദേശം. കോംപ്ലക്സിന്റെ പല ഭാഗങ്ങളും മദ്യപാനികളുടെയും സാമൂഹ്യവിരുദ്ധരുടെയും വിഹാര കേന്ദ്രമാണ്. ഒഴിഞ്ഞ മദ്യക്കുപ്പികളുടെ പ്രളയമാണ് കോംപ്ലക്സിലെ പലയിടത്തും. മദ്യപ സംഘങ്ങൾ തമ്മിലുള്ള സംഘട്ടനങ്ങളും തുടർക്കഥയാണ്.
ഇത് കോംപ്ലക്സിലെ വ്യാപാരസ്ഥാപനങ്ങൾക്കും വ്യാപാരികൾക്കും ജീവനക്കാർക്കും ഉപഭോക്താക്കൾക്കും ദുരിതമുണ്ടാക്കുന്നു. മാലിന്യങ്ങൾ കുമിഞ്ഞുകൂടുന്നത് പകർച്ച വ്യാധികൾക്കും കാരണമാകുന്നുണ്ട്. വർധിച്ചുവരുന്ന മാലിന്യം തള്ളലിനും മദ്യപസംഘത്തിന്റെ വിളയാട്ടത്തിനുമെതിരെ പഞ്ചായത്തും പോലീസും ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യത്തിലാണ് വ്യാപാരികളും നാട്ടുകാരും.
Tags : Garbage dump nattuvishesham local news