കാലടി: ദേശീയ യുവജന ദിനത്തോടനുബന്ധിച്ച് ഒന്പത് മുതൽ 12 വരെ ഡൽഹിയിൽ ഭാരത് മണ്ഡപത്തിൽ നടക്കുന്ന വികസിത് ഭാരത് യംഗ് ലീഡേഴ്സ് ഡയലോഗിൽ പങ്കെടുക്കാൻ ആദി ശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജിയിലെ എൻഎസ്എസ് വോളണ്ടീയറായ ഗായത്രി ജയൻ കൃഷ്ണ തെരഞ്ഞെടുക്കപ്പെട്ടു. ഓൺലൈൻ ക്വിസ് മത്സരത്തിലും പ്രബന്ധരചനാ മത്സരത്തിലും മികച്ച പ്രകടനം നടത്തിയാണ് ഗായത്രി ഈ നേട്ടത്തിലേക്ക് എത്തിയത്.
കേരളത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 36 പേരാണ് ദേശീയയുവജന സമ്മേളനത്തിൽ പങ്കെടുക്കുന്നത്. ഭാരതത്തിന്റെ മൃദുശക്തി - സാംസ്കാരിക നയതന്ത്രവും ആഗോള സ്വാധീനവും എന്ന വിഷയത്തിൽ ഗായത്രി പ്രധാനമന്ത്രിക്കുമുമ്പിൽ വിഷയാവതരണം നടത്തും. ഡൽഹിയിലേക്ക് പോകുന്നതിനു മുമ്പ് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറുമായി സംഘം കൂടിക്കാഴ്ച നടത്തും.
ഇലക്ട്രോണിക്സ് ആൻഡ് ബയോമെഡിക്കൽ എൻജിനീയറിംഗ് വിഭാഗത്തിലെ രണ്ടാം വർഷ വിദ്യാർഥിനിയാണ് ഗായത്രി. തൃശ്ശൂർ മറ്റത്തൂർകുന്ന് സ്വദേശികളായ ടി. ജയൻ, പി.പി. വിജയശ്രീ എന്നിവർ മാതാപിതാക്കളാണ്. കഴിഞ്ഞ വർഷവും പ്രധാനമന്ത്രിയുമായി സംവദിക്കാൻ ആദിശങ്കരയിലെ വിദ്യാർഥിനി ജി.എ. ദേവിക തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
Tags : Gayatri meet Prime Minister