ഇഞ്ചി വിളവെടുക്കുന്ന തൊഴിലാളികൾ.
നെന്മാറ: തിരുവഴിയാട്, പാളിയമംഗലം, മരുതഞ്ചേരി, കരിമ്പാറ മേഖലകളിലെ ഇഞ്ചിപ്പാടങ്ങളിൽ വിളവെടുപ്പ് ആരംഭിച്ചു.
പതിവുസമയത്തേക്കാൾ ഏകദേശം ഒരുമാസംമുൻപേയാണ് ഈ വർഷം വിളവെടുപ്പിനു തുടക്കമായത്.
പച്ച ഇഞ്ചി വിപണിയിലേക്കും ചുക്ക് നിർമാണത്തിനുമായാണ് നിലവിൽ വിളവെടുപ്പു നടക്കുന്നത്.
വിവിധതരം രോഗബാധയും കീടാക്രമണവും മൂലം ഉത്പാദനത്തിൽ കുറവ് അനുഭവപ്പെടുന്നുണ്ടെന്ന് പ്രദേശത്തെ പ്രമുഖ കർഷകനായ കുറുമ്പൂർ എ. ഷാഹുൽ പറഞ്ഞു. ഏക്കറിന് 45,000 മുതൽ 50,000 രൂപ വരെ പാട്ടം നൽകി ഭൂമി എടുത്താണ് കർഷകർ ഇഞ്ചികൃഷി നടത്തുന്നത്. പെരുമ്പാവൂർ, കോതമംഗലം മേഖലകളിൽ നിന്നുള്ള കർഷകരാണ് ജില്ലയിൽ വ്യാപകമായി ഭൂമി പാട്ടത്തിനെടുത്ത് ഇഞ്ചി കൃഷിയിറക്കിയിരിക്കുന്നത്.
മാർക്കറ്റിലേക്കുള്ള പച്ചഇഞ്ചിയുടെ നീക്കം കുറവായിരിക്കെ ഏകദേശം 90 ശതമാനം ഇഞ്ചിയും ചുക്കാക്കി വിപണനം ചെയ്യുന്നതാണ് പതിവ്.
കൂടുതൽ കാലം സൂക്ഷിക്കാനും വിപണി വില ഉയരുന്നത് വരെ സംഭരിക്കാനും കഴിയുന്നതിനാലാണ് കർഷകർ ചുക്ക് നിർമാണത്തിന് മുൻഗണന നൽകുന്നത്.
ഇപ്പോൾ വിപണിയിൽ ചുക്കിന് കിലോയ്ക്ക് 250 മുതൽ 270 രൂപ വരെയും, പച്ച ഇഞ്ചിക്ക് 45 മുതൽ 50 രൂപ വരെയും ലഭിക്കുന്നതായി വ്യാപാരികൾ അറിയിച്ചു. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇഞ്ചിക്കും ചുക്കിനും ഈ വർഷം വില വർധിച്ചിരിക്കുന്നത് കർഷകർക്ക് ആശ്വാസമായിട്ടുണ്ട്.
കർഷകരുടെ പാടങ്ങളിൽതന്നെ വ്യാപാരികൾ =വാഹനങ്ങളുമായെത്തി പച്ച ഇഞ്ചിയും ചുക്കും വാങ്ങുന്ന്കർഷകർക്ക് സൗകര്യമായി.
മൂന്നേക്കറിൽ ഇഞ്ചികൃഷി ചെയ്താലും രോഗബാധയും കീടാക്രമണവും മൂലം അരയേക്കർ മുതൽ ഒരേക്കർ വരെയുള്ള വിസ്തൃതിയിലെ വിളവ് നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായിരുന്നതായും കർഷകർ പറയുന്നു.