ചെറുതുരുത്തി: ബിരുദവിദ്യാർഥിനിയെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. ചെറുതുരുത്തി പന്നിയടി പൊട്ടിക്കുണ്ടിൽ വീട്ടിൽ പരേതനായ മുഹമ്മദ് അക്ക്മാന്റെയും നഫീസയുടെയും മകൾ റുഫൈദ(21)യെയാണ് നെടുന്പുര ശിവക്ഷേത്രക്കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെ ഒന്പതിനുശേഷമാണ് സംഭവം.
അങ്കണവാടിയിൽ ഹെൽപ്പറായി ജോലിചെയ്യുന്ന മാതാവ് നഫീസയോടൊപ്പം പെണ്കുട്ടി അങ്കണവാടിയിൽ എത്തിയിരുന്നു. തുടർന്നു പേന വാങ്ങാൻ കടയിൽ പോയി. തിരികെ വരാത്തതിനെതുടർന്ന് നടത്തിയ തെരച്ചിലിലാണ് ക്ഷേത്രക്കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
കുന്നംകുളം എസിപി സി.എം. സന്തോഷ്, ചെറുതുരുത്തി സിഐ വിനു, എസ്ഐ എ.ആർ. നിഖിൽ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി നടപടിയെടുത്തു. മൃതദേഹം മെഡിക്കൽ കോളജിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനുശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ. ഏക സഹോദരൻ: മുഹമ്മദ് റാഫി.