മണ്ണാർക്കാട്: അരകുർശി ഉദയർകുന്ന് ഭഗവതിക്ഷേത്രത്തിലെ പൂരത്തോടനുബന്ധിച്ച് പൂരനഗരിയിൽ കർശനമായ ഗ്രീൻ പ്രോട്ടോകോൾ പാലിക്കാൻ നഗരസഭാ ചെയർപേഴ്സൺ കെ. സജ്നയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി പൂരപ്പറമ്പിൽ പ്രത്യേക ഗ്രീൻ പ്രോട്ടോകോൾ ഓഫീസ് സ്ഥാപിക്കും. ഗ്രീൻ പ്രോട്ടോകോൾ, മാലിന്യസംസ്കരണം, നിരോധിത പ്ലാസ്റ്റിക് വില്പന, മാലിന്യം പുഴയിൽ തള്ളൽ തുടങ്ങിയ നിലവിലുള്ള നിയന്ത്രണങ്ങളും മറ്റു കാര്യങ്ങളും യോഗത്തിൽ ചർച്ച ചെയ്തു.
ഗ്രീൻ പ്രോട്ടോകോളിന്റെ ഭാഗമായി മുളകൊണ്ടുള്ള കുട്ടകളും പ്ലാസ്റ്റിക് കുപ്പികൾ നിക്ഷേപിക്കാൻ ബോട്ടിൽ ബൂത്തുകളും സജ്ജമാക്കും. പുഴമലിനീകരണം തടയുന്നതിന്റെ ഭാഗമായി പുഴയിലേക്കിറങ്ങിയുള്ള കച്ചവടം പൂർണമായും നിരോധിക്കാനും തീരുമാനമായിട്ടുണ്ട്. പൂരദിവസങ്ങളിൽ സൗജന്യമായി കുടിവെള്ളവിതരണം നടത്തും. കൂടാതെ പൂരപ്പറമ്പിൽ തിളപ്പിച്ചാറിയ ശുദ്ധജലം മാത്രമേ വിതരണം ചെയ്യുന്നുള്ളൂവെന്ന് ഉറപ്പുവരുത്താൻ ആരോഗ്യവിഭാഗത്തിനു പ്രത്യേക ചുമതലയും നൽകി.
ശുചീകരണപ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ഹരിതകർമസേനയേയും ശുചീകരണതൊഴിലാളികളേയും നിയോഗിക്കും. പൂരം സമാപിച്ച് മണിക്കൂറുകൾക്കുള്ളിൽതന്നെ ഹരിതകർമസേന, ശുചീകരണം വിഭാഗം, പൂരക്കമ്മിറ്റി എന്നിവരുടെ നേതൃത്വത്തിൽ കൂട്ടായ ശുചീകരണവും നടത്തും. അടിയന്തര ആവശ്യങ്ങൾ നേരിടുന്നതിനായി താലൂക്ക് ആശുപത്രിയുടെ നേതൃത്വത്തിൽ പ്രഥമശുശ്രൂഷായൂണിറ്റും ആംബുലൻസ് സൗകര്യവും ഉറപ്പുവരുത്താനും തീരുമാനമായി.