ഗുരുദേവചരിതം ആട്ടക്കഥ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ ചത്വരത്തിൽ അരങ്ങേറിയപ്പോൾ.
കൊടുങ്ങല്ലൂർ: മനുഷ്യരിലെ സാഹോദര്യത്തെ തൊട്ടുണർത്തി ഗുരുദേവചരിതം ആട്ടക്കഥ രംഗത്തവതരിപ്പിച്ചു. ശ്രീനാരായണ ദർശനങ്ങളുടെ പൊരുൾ ലളിതമായി പറഞ്ഞാണ് മഹാകവി കൊടുങ്ങല്ലൂർ കുഞ്ഞുക്കുട്ടൻ തമ്പുരാൻ സ്ക്വയറിൽ തെളിയിച്ച കളിവിളക്കിനു മുന്നിൽ ആട്ടക്കഥയവതരിപ്പിച്ചത്. ഗുരുദേവന്റെ ജനനവും ജീവിതവും പ്രമേയമാക്കി പ്രഫ.ആർ.പി. മേനോനാണ് ആട്ടക്കഥ രചിച്ചത്.
കലാനിലയം മനോജ്, കലാനിലയം സുന്ദരൻ, പ്രദീപ് രാജപാറക്കടവ്, കലാമണ്ഡലം ആദിത്യൻ, കലാമണ്ഡലം ഗോകുൽ, കലാനിലയം സൂരജ് എന്നിവരാണ് വേഷമിട്ടത്. കലാനിലയം രാമകൃഷ്ണൻ കലാമണ്ഡലം വാസുദേവൻ എന്നിവർ സംഗീതം നൽകി. കലാമണ്ഡലം ശിവദാസൻ, കലാമണ്ഡലം അമർനാഥ് എന്നിവർ വാദ്യത്തിൽ തിളങ്ങി.
രംഗഭൂഷ ഇരിങ്ങാലക്കുടയാണ് ചമയം ഒരുക്കിയത്. സംവിധാനം ഇരിങ്ങാലക്കുട ടി. വേണുഗോപാൽ.
ഗുരുദേവചരിതം ആട്ടക്കഥയുടെ ഉദ്ഘാടനം ശിവഗിരി മഠത്തിലെ സ്വാമി ദിവ്യാനന്ദഗിരി നിർവഹിച്ചു. പ്രഫ. ചെന്താമരാക്ഷൻ അധ്യക്ഷനായി. സിപിഐ ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദൻ, പ്രഫ.ആർ.പി. മേനോൻ, ഗിരീഷ് ഉണ്ണികൃഷ്ണൻ, ഹരി തേജസ്, അഡ്വ.ടി.പി. അരുൺ കുമാർ എന്നിവർ സംസാരിച്ചു.