ഗുരുവായൂരിൽ ദേവസ്വം പൂന്താനം ദിന സാംസ്കാരിക സമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യുന്നു.
ഗുരുവായൂർ: ഭക്തർക്ക് സുഗമമായ ദർശനത്തിനുള്ള വരികോംപ്ലക്സ് ഉൾപ്പെടെയുള്ള ദേവസ്വത്തിന്റെ സമഗ്രവികസനത്തിനുള്ള മാസ്റ്റർ പ്ലാൻ തയാറാക്കുന്നതിന് ആഗോള കമ്പനിയായ എൽ ആൻഡ് ടിയുമായി ഗുരുവായൂർ ദേവസ്വം ധാരണയായതായി ദേവസ്വം മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. എൽ ആൻഡ് ടിയുടെ സിഎസ്ആർ ഫണ്ടിൽ നിന്ന് മാസ്റ്റർ പ്ലാനിലെ പദ്ധതി നടത്തിപ്പിന് സഹായം നൽകാനുള്ള സന്നദ്ധത വാഗ്ദാനം ചെയ്തതായും മന്ത്രി അറിയിച്ചു.
ഗുരുവായൂരിൽ ദേവസ്വം പൂന്താനം ദിന സാംസ്കാരിക സമ്മേളനവും ഇതരഹൈന്ദവ ക്ഷേത്രങ്ങൾക്കുള്ള ധനസഹായ വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ക്യൂ കോംപ്ളക്സ് പൂർത്തിയാകുന്നതുവരെ ദർശനം വേഗത്തിലാക്കാൻ ഫേസ് ആപ്പ് സംവിധാനം നടപ്പിലാക്കുമെന്ന് ദേവസ്വം അറിയിച്ചിട്ടുണ്ട്. വരിനിൽക്കുന്ന ഭക്തർക്ക് സുഗമമായ ദർശനത്തിന് ഈ സൗകര്യം സഹായകമാകും. കിഴക്കേനടയിലെ ഷോപ്പിംഗ് കോംപ്ലക്സിന്റേയും ഫയർ സ്റ്റേഷൻ കെട്ടിടത്തിന്റേയും ഉദ്ഘാടനം ഉടൻ നടത്താനാവുമെന്നും മന്ത്രി അറിയിച്ചു.
2023, 2026 വർഷങ്ങളിലെ ജ്ഞാനപ്പാന പുരസ്കാരങ്ങൾ യഥാക്രമം പ്രഫ.വി. മധുസൂദനൻ നായർ, വൈക്കം രാമചന്ദ്രൻ എന്നിവർക്ക് മന്ത്രി സമ്മാനിച്ചു.
ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ അധ്യക്ഷനായി. എൻ.കെ. അക്ബർ എംഎൽഎ, ഗുരുവായൂർ നഗരസഭ ചെയർപേഴ്സൺ സുനിത അരവിന്ദൻ, ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, മനോജ് ബി നായർ, കെ.പി. വിശ്വനാഥൻ, വി. മനോജ്, അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുൺകുമാർ, ഡോ.വി.ആർ. മുരളീധരൻ എന്നിവർ പ്രസംഗിച്ചു.
14 ജില്ലകളിലെ 1521 ക്ഷേത്രങ്ങൾക്കും ഒമ്പത് വേദപാഠ ശാലകൾക്കുമായി പത്തുകോടിയോളം രൂപയുടെ ധനസഹായം ചടങ്ങിൽ മന്ത്രി വിതരണം ചെയ്തു.
Tags : Guruvayur Devaswom Master Plan nattuvishesham local news