അപകടത്തിലേക്ക് ചാഞ്ഞ്... മാമ്മൂടിനു സമീപം കണിച്ചുകുളത്ത് കാറിടിച്ചു ചെരിഞ്ഞു നിലംപതിക്കാറായ വൈദ്യുതി പോസ്റ്റ്
മാമ്മൂട്: കാറിടിച്ചു ചുവടു തകര്‍ന്ന വൈദ്യുതി പോസ്റ്റ് വൈദ്യുതി വകുപ്പിന്റെ അനാസ്ഥമൂലം അപകടക്കെണിയായി നിലകൊള്ളുന്നു. മാമ്മൂട് കണിച്ചുകുളത്താണ് വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും വൈദ്യുതി പോസ്റ്റ് ഭീഷണിയായി ചാഞ്ഞുനില്‍ക്കുന്നത്.
കാര്‍ ഇടിച്ചു തകര്‍ത്ത പോസ്റ്റ് രണ്ടാഴ്ചയിലധികമായി മാവിന്കൊമ്പിലേക്ക് കയറുകൊണ്ട് കെട്ടിനിര്ത്തിരിക്കുകയാണ്. നിയന്ത്രണംവിട്ട ബെന്‍സ് കാറാണ് വൈദ്യുതി പോസ്റ്റിലിടിച്ചത്. കാറുടമ അപ്പോൾത്ത ന്നെ കറുകച്ചാല്‍ കെഎസ്ഇബി ഓഫീസില്‍ വിവരം അറിയിക്കുകയും ജീവനക്കാര്‍ സ്ഥലത്തെത്തി പോസ്റ്റ് കയറുകൊണ്ട് സമീപത്തെ പുരയിടത്തിലെ മാവിലേക്കു വലിച്ചുകെട്ടുകയായിരുന്നു.
എന്നാല്‍ പിന്നീട് ഇതുവരെ ആരും തിരിഞ്ഞുനോക്കിയിട്ടില്ലെന്നും ഏത് സമയത്തും നിലം പൊത്താറായ സ്ഥിതിയിലാണ് പോസ്റ്റ് നിലകൊള്ളുന്നതെന്നും നാട്ടുകാര്‍ പറയുന്നു. ചെരിഞ്ഞു നിലംപതിക്കാറായി നില്ക്കുന്ന പോസ്റ്റ് മാറ്റണമെന്നാവശ്യപ്പെട്ട് സമീപത്തെ കെട്ടിടം ഉടമയും വൈദുതി ബോര്‍ഡിനെ സമീപിച്ചു. പോസ്റ്റ് കിട്ടാനില്ലെന്നായിരുന്നു മറുപടി. കാറുമടമയില്നിന്ന് നഷ്ടം ഈടാക്കി പുതിയ പോസ്റ്റ് സ്ഥാപിക്കുമെന്നും പറഞ്ഞു. പക്ഷേ ഒന്നും നടന്നില്ല. പിന്നീട് അസി. എന്‍ജിനിയര്‍ക്ക് ഉള്‍പ്പെടെ പരാതി നല്കി.
ആഴ്ച രണ്ട് കഴിഞ്ഞിട്ടും വൈദ്യുതി പോസ്റ്റ് മാവിന് കൊമ്പില്‍ കെട്ടിത്തൂങ്ങി നില്‍പ്പാണ്. ബസ് സ്റ്റോപ്പിലാണ് ഈ പോസ്റ്റ്. വിദ്യാര്‍ഥികളടക്കം ഒട്ടേറെയാത്രക്കാര്‍ ബസ് കാത്ത് നില്ക്കുന്നതിരക്കുള്ള സ്ഥലമാണിത്.
തൊട്ടടുത്തുള്ള കടകളിലേക്ക് വരുന്ന വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതും അപകടത്തിലേക്കു ചരിഞ്ഞുനില്‍ക്കുന്ന ഈ പോസ്റ്റിനു താഴെയാണ്. അധികൃതര്‍ ഉടനെ നടപടികള്‍ കൈകൊണ്ടില്ലെങ്കില്‍ അപകടം അകലെയല്ലെന്നും നാട്ടുകാര്‍ മുന്നറിയിപ്പു നല്കി.
Tags : Local News Nattuvishesham Kottayam