കൊയ്ത്ത് തുടങ്ങാറായ പാടത്ത് അഞ്ചിരി പാടശേഖരസമിതി ഭാരവാഹികള്‍.
തൊടുപുഴ: അഞ്ചിരി പാടശേഖരത്ത് വിളവെടുപ്പ് തുടങ്ങി. പാലക്കാട് നിന്നെത്തിച്ച കൊയ്ത്ത് യന്ത്രമുപയോഗിച്ചാണ് തൊടുപുഴയുടെ നെല്ലറയായ അഞ്ചിരി, തലയനാട് മേഖലകളിലെ പാടശേഖരത്ത് കൊയ്ത്ത് ആരംഭിച്ചത്. പ്രതിസന്ധി മൂലം ജില്ലയിലെ പാടശേഖരങ്ങള്‍ പലതും വിസ്മൃതിയിലായപ്പോഴും പാടശേഖര സമിതിയുടെ കൂട്ടായ്മയില്‍ ഇവിടെ നെല്‍കൃഷി അന്യംനിന്നു പോകാതെ തുടരുകയാണ്.
കര്‍ഷകരുടെ മണ്ണിനോടുള്ള സ്നേഹവും പരമ്പരാഗതമായി തുടര്‍ന്നു പോരുന്ന നെല്‍കൃഷിയോടുള്ള ആത്മബന്ധവുമാണ് ഇവരെ നെല്‍പ്പാടങ്ങളിലേക്ക് ഓരോ വര്‍ഷവും എത്തിക്കുന്നത്. പ്രതിസന്ധി മൂലം ഈ വര്‍ഷം ഒരു കൃഷി മാത്രമാണ് ഇറക്കാനായതെന്ന് കര്‍ഷകര്‍ പറഞ്ഞു.
കൃഷിയാരംഭിച്ചത് നൂറ്റാണ്ടിനു മുമ്പ്
ഒരു നൂറ്റാണ്ട് മുമ്പാണ് അഞ്ചിരി പാടശേഖരത്ത് കൃഷിയാരംഭിച്ചതെന്നാണ് പഴമക്കാര്‍ പറയുന്നത്. ഇടവെട്ടി പഞ്ചായത്ത് മുതല്‍ ആലക്കോട് പഞ്ചായത്തിലെ തലയനാടു വരെ നീണ്ടുകിടക്കുന്ന പാടശേഖരമായിരുന്നു ഇത്. 120 ഏക്കറോളം സ്ഥലത്താണ് ആദ്യഘട്ടത്തില്‍ നെല്കൃഷിയിറക്കിയിരുന്നത്. കാലക്രമേണ നെല്‍കൃഷി ചെയ്തിരുന്ന നിലത്തിന്റെ വിസ്തീര്‍ണം കുറഞ്ഞു. കൂടുതല്‍ സ്ഥലത്തും തെങ്ങുള്‍പ്പെടെ മറ്റു വിളകള്‍ ഇടം പിടിച്ചു. എങ്കിലും 40 ഏക്കറോളം സ്ഥലത്ത് ഇപ്പോഴും കര്‍ഷകര്‍ നെല്‍കൃഷി ചെയ്തു വരുന്നുണ്ട്.
വറ്റാത്ത ജലലഭ്യത
വര്‍ഷത്തില്‍ ഒരിക്കല്‍ പോലും വറ്റാത്ത കൈത്തോടുകളാണ് അഞ്ചിരി പാടത്തെ ജലസമൃദ്ധമാക്കുന്നത്. വെള്ളം പാടത്തേക്കു കയറ്റാനായി തോട്ടില്‍ ചെറു ചെക്ക്ഡാമുകളുമുണ്ട്. അതിനാല്‍ വേനല്‍ക്കാലത്തുപോലും സമൃദ്ധമായി വെള്ളം ലഭിക്കും. ഇറിഗേഷന്‍ വകുപ്പ് നിര്‍മിച്ചിരിക്കുന്ന ചെക്ക്ഡാമും ഇവിടെയുണ്ട്. ഓരോ കര്‍ഷകനും പാടത്തേക്കാവശ്യമായ വെള്ളം തിരിച്ചുവിട്ടാണ് കൃഷി ചെയ്യുന്നത്.
വര്‍ഷത്തില്‍ രണ്ടു കൃഷി
വര്‍ഷത്തില്‍ രണ്ട് കൃഷി ചെയ്യുന്ന ഇരുപ്പൂപാടമാണ് ഇവിടുത്തേത്. ജൂണില്‍ വിതച്ച് 100 ദിവസത്തിനു ശേഷം ഓണത്തിന് വിളവെടുക്കുന്ന വിരിപ്പ് കൃഷിയും നവംബറില്‍ വിതച്ച് വിഷുവിന് വിളവെടുക്കുന്ന മുണ്ടകന്‍ കൃഷിയും. ഉമ, കുഞ്ഞൂഞ്ഞ്, ഐആര്‍എസ് എന്നിവയാണ് പ്രധാനമായും കൃഷി ചെയ്യുന്ന ഇനങ്ങള്‍. ട്രാക്ടര്‍ ഉപയോഗിച്ചാണ് നിലം ഒരുക്കല്‍. തൊഴിലാളികളും കര്‍ഷകരും ചേര്‍ന്ന് ഞാറു നടും. വിളവെടുപ്പാകുമ്പോള്‍ പാലക്കാടുനിന്നു യന്ത്രമെത്തിച്ച് കൊയ്ത്തും നടത്തും.
വില്‍പ്പന സപ്ലൈകോ വഴി
സപ്ലൈക്കോയ്ക്കാണ് നെല്ല് വില്‍പ്പന നടത്തുന്നത്. കൃഷിയിറക്കി 40 ദിവസത്തിനുള്ളില്‍ സപ്ലൈക്കോയില്‍ ബുക്ക് ചെയ്യണം. കഴിഞ്ഞയാഴ്ച മുതല്‍ ഈ വര്‍ഷത്തെ ബുക്കിംഗ് ആരംഭിച്ചു. കഴിഞ്ഞ വര്‍ഷം 35 ടണ്‍ നെല്ലാണ് സപ്ലൈക്കോയ്ക്ക് കൈമാറിയത്. സപ്ലൈക്കോ നിര്‍ദേശിക്കുന്ന മില്ലുടമകള്‍ വാഹനങ്ങളുമായി എത്തി നെല്ല് കൊണ്ടുപോകും. നെല്ല് തൂക്കി ചാക്കിലാക്കി വാഹനത്തില്‍ കയറ്റിക്കൊടുക്കണം. എന്നാല്‍ സപ്ലൈക്കോയില്നിന്നും നെല്ലിന്റെ വില ലഭിക്കാനുള്ള കാലതാമസം കര്‍ഷകര്‍ക്ക് ഏറെ പ്രതിസന്ധി സൃഷ്ടിക്കാറുണ്ട്.
സര്‍ക്കാര്‍ സഹായം
നിലവില്‍ നെല്‍കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് കൃഷിവകുപ്പിന്റെ സഹായം ലഭിക്കുന്നുണ്ട്. നെല്‍കൃഷി പ്രോത്സാഹന പദ്ധതി പ്രകാരം ഹെക്ടറിന് 4500 രൂപ നിരക്കിലാണ് സബ്സിഡി ലഭിക്കുന്നത്. ഇതിനു പുറമേ ത്രിതല പഞ്ചായത്തുകള്‍ നെല്‍കൃഷിയുടെ കൂലിച്ചെലവുകള്‍ എന്ന പേരിലും സഹായധനം നല്‍കാറുണ്ട്. എല്ലാ വര്‍ഷവും ഇളംദേശം ബ്ലോക്കും ആലക്കോട് പഞ്ചായത്തും ഇതിനായി ഫണ്ട് നീക്കിവയ്ക്കും. ഈ സഹായത്താലാണ് കര്‍ഷകര്‍ നെല്‍കൃഷി മുന്നോട്ടു കൊണ്ടുപോകുന്നത്.
എന്നാല്‍ കൊയ്ത്ത് ഉള്‍പ്പെടെയുള്ള അനുബന്ധ ജോലികള്‍ക്കും പണച്ചെലവേറിയത് കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നുണ്ട്. പാലക്കാടുനിന്ന് എത്തിക്കുന്ന കൊയ്ത്ത് യന്ത്രത്തിന് 3000 രൂപയാണ് മണിക്കൂറിന് വാടക.
പാടങ്ങളില്‍ കൃഷിപ്പണികള്‍ ചെയ്യാന്‍ ഇപ്പോള്‍ തൊഴിലാളികളെ കിട്ടാനില്ലായെന്നതും തിരിച്ചടിയാണ്. വിരലിലെണ്ണാവുന്ന കര്‍ഷകത്തൊഴിലാളികള്‍ മാത്രമാണ് ഇപ്പോള്‍ ഈ മേഖലയുമായി ബന്ധപ്പെട്ട് പണിയെടുക്കുന്നത്. പലപ്പോഴും മഴക്കൂടുതല്‍ മൂലം നെല്‍ക്കതിരുകള്‍ നശിച്ച് കര്‍ഷകര്‍ക്ക് ലക്ഷങ്ങളുടെ നഷ്ടമുണ്ടായിട്ടുണ്ട്. ഇതിന്റെ പേരില്‍ കൃഷിവകുപ്പില്‍നിന്നും ഒരു രൂപ പോലും ലഭിക്കാറില്ലെന്നും കര്‍ഷകര്‍ പറയുന്നു. വിള ഇന്‍ഷ്വറന്‍സ് ചെയ്യാറുണ്ടെങ്കിലും നാമമാത്രമായ നഷ്ടപരിഹാരം ലഭിക്കാന്‍ കാലങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥയാണ്.
പാടശേഖര സമിതി
സജീവമായി പ്രവര്‍ത്തിക്കുന്ന അഞ്ചിരി പാടശേഖര സമിതിയാണ് ഇവിടെ കര്‍ഷകര്‍ക്ക് ആവശ്യമായ എല്ലാ പിന്തുണയും നല്കി ഒപ്പമുള്ളത്. മൂന്നു പതിറ്റാണ്ടിലേറെയായി പാടശേഖര സമിതി പ്രവര്‍ത്തിച്ചു വരുന്നുണ്ട്. തങ്കച്ചന് മാത്യു കളരിക്കതൊട്ടിയില്‍ പ്രസിഡന്റും മാത്യു വള്ളോപ്പിള്ളില് സെക്രട്ടറിയുമായ ഏഴംഗ ഭരണസമിതിയാണ് ഇപ്പോള്‍ നേതൃത്വം നല്‍കുന്നത്.
പഞ്ചായത്തംഗവും സഹകരണ ബാങ്ക് പ്രസിഡന്റുമായ ടോമി കാവാലം വൈസ് പ്രസിഡന്റും കെ.ആര്. ശശി ഞാറക്കാട്ടില്‍ ട്രഷററും ഏബ്രഹാം മുണ്ടയ്ക്കല്‍, ഫിലിപ്പ് ജോര്‍ജ് പൂവന്തിക്കുന്നേല്, എം.ജെ. മാത്യു മുണ്ടയ്ക്കല്‍ എന്നിവര്‍ കമ്മിറ്റിയംഗങ്ങളുമാണ്. അഞ്ചിരിയില്‍ കെട്ടിടവും ട്രാക്ടറും സമിതിക്ക് സ്വന്തമായുണ്ട്.