ഉടുമ്പുന്തല കുടുംബാരോഗ്യ കേന്ദ്രത്തിലെ പച്ചക്കറിക്കൃഷിയുടെ വിളവെടുപ്പ് തൃക്കരിപ്പൂർ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എം.കെ. പ്രസന്ന ഉദ്ഘാടനം ചെയ്യുന്നു.
തൃക്കരിപ്പൂർ: ഉടുമ്പുന്തല കുടുംബാരോഗ്യ കേന്ദ്രത്തിൽ കൃഷിഭവന്റെ സഹകരണത്തോടെ നടത്തിയ പച്ചക്കറിക്കൃഷിയുടെ വിളവെടുപ്പ് തുടങ്ങി. തൃക്കരിപ്പൂർ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എം.കെ. പ്രസന്ന ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം എം. ഷഹർബാൻ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ.വി. രാമദാസ് മുഖ്യാതിഥിയായി.
പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഫാത്തിമത്ത് അഷ്റിഫ, ജില്ലാ കൃഷി ഡപ്യൂട്ടി ഡയറക്ടർ ഡി.എൽ. സുമ, നീലേശ്വരം കൃഷി അസി. ഡയറക്ടർ കെ. ബിന്ദു, മെഡിക്കൽ ഓഫീസർ ഡോ. കെ.വി. ചൈതന്യ, ഡോ. ധന്യ മനോജ്, കൃഷി അസിസ്റ്റന്റുമാരായ ഇ.സി. ഉഷ, കെ. സജിത്ത്, സീനിയർ ക്ലർക്ക് ആർ.കെ. അനീഷ് കുമാർ എന്നിവർ പങ്കെടുത്തു.
അരയേക്കറോളം വരുന്ന സ്ഥലത്ത് തക്കാളി, വഴുതിന, പച്ചമുളക്, വെണ്ട, വെള്ളരി, തണ്ണിമത്തൻ, ദീർഘകാല പച്ചക്കറി വിളകളായ അഗത്തി ചീര, പപ്പായ, കറിവേപ്പില, മുരിങ്ങ തുടങ്ങിയവയാണ് കൃഷി ചെയ്തിട്ടുള്ളത്. കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരും ആശ പ്രവർത്തകരുമാണ് കൃഷിക്ക് നേതൃത്വം നൽകുന്നത്.