ആലത്തൂർ: കൊയ്ത്തിനൊരു കൈത്താങ്ങുമായി നിറയുടെ കൊയ്ത്തുയന്ത്രങ്ങൾ രണ്ടാംവിള കൊയ്ത്തിനായി വയലുകളിലേക്കെത്തുന്നു.
നിറ ഹരിതമിത്ര സൊസൈറ്റി മുഖേനെ ട്രാക്ടർ കൊയ്ത്തു യന്ത്രങ്ങൾ മണിക്കൂറിനു 1600 രൂപ നിരക്കിലും ട്രാക്ടർ ഗ്രിപ്പ് യന്ത്രങ്ങൾ 1800 രൂപ നിരക്കിലും ചെയിൻ യന്ത്രങ്ങൾ 2400 രൂപ നിരക്കിലും ലഭിക്കും. നെല്ല് കാറ്റത്തിടുന്ന വിന്നോവർ 1000 രൂപ ദിവസവാടകക്കും ലഭ്യമാവും. തദ്ദേശീയരിൽനിന്നും അന്യസംസ്ഥാനങ്ങളിൽനിന്നുമുള്ള യന്ത്രങ്ങളും ഉൾപ്പെടെ 55 യന്ത്രങ്ങളാണ് തയാറാക്കിയിരിക്കുന്നത്.
കെ.ഡി. പ്രസേനൻ എംഎൽഎ യുടെ നിയോജകമണ്ഡലം സമഗ്ര കാർഷിക വികസന പദ്ധതിയായ നിറ ഹരിതമിത്ര സൊസൈറ്റി മുഖേന കൊയ്ത്തുവണ്ടികൾ കർഷകർക്കായി എത്തിക്കുന്നത്.
അന്യസംസ്ഥാന കൊയ്ത്തുവണ്ടികൾ കർഷകരിൽനിന്നും കൂടിയ നിരക്ക് വാടകയായി വാങ്ങുന്നതു കുറയ്ക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കഴിഞ്ഞ പത്തുവർഷമായി കൊയ്ത്തുയന്ത്രങ്ങളുടെ നിരക്ക് പിടിച്ചുനിർത്താൻ നിറ പദ്ധതിയിലൂടെ കഴിഞ്ഞിട്ടുണ്ട്.
നിരക്ക് പ്രഖ്യാപിക്കുന്നതു മൂലം അതനുസരിച്ചു കൊയ്ത്തുയന്ത്രങ്ങളുടെ വാടകനിരക്ക് കുറയ്ക്കാൻ അന്യസംസ്ഥാന യന്ത്ര ഉടമകൾ നിർബന്ധിതരായിരുന്നു. നിറയുടെ യന്ത്രങ്ങൾ ആവശ്യമുള്ള കർഷകർ മേഖല കോ- ഓർഡിനേറ്റർമാരെ ബന്ധപ്പെടണം.
Tags : Harvesting nattuvishesham local news