കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ അവലോകന യോഗത്തില്‍ ആരോഗ്യ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.രാജന് എന്‍. ഖോബ്രഗഡെ സംസാരിക്കുന്നു.
അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു
കല്‍പ്പറ്റ: മഹാമാരികള്‍ ഫലപ്രദമായി പ്രതിരോധിക്കാന്‍ ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ പദ്ധതി തയാറാക്കുന്നു. പരിചിതമായതും പുതുതായി കണ്ടെത്തുന്നതുമായ മഹാമാരികള്‍ നേരിടാന്‍ കൃത്യമായ ആസൂത്രണരേഖ തയാറാക്കി സാമൂഹിക പങ്കാളിത്തത്തോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിച്ച് നടപ്പാക്കുന്ന പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്. പഞ്ചായത്തുതലം മുതല്‍ ജില്ലാതലം വരെയുള്ള പ്രവര്‍ത്തന രൂപരേഖയാണ് തയാറാക്കുന്നത്.
ജില്ലയിലെ ആരോഗ്യ സൗകര്യങ്ങള്‍, അടിയന്തര സാഹചര്യങ്ങള്‍ തരണം ചെയ്യാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ വിലയിരുത്തുന്നതിന് ആരോഗ്യ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.രാജന് എന്‍. ഖോബ്രഗഡെയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേര്‍ന്നു.
ജന്തുജന്യരോഗങ്ങളെയും പകര്‍ച്ചവ്യാധികളെയും സാമൂഹികതലത്തില്‍ നിരീക്ഷിക്കാന്‍ പ്രാപ്തമാക്കുന്ന രീതിയില്‍ സന്നദ്ധപ്രവര്‍ത്തകരെയും പൊതുജനങ്ങളെയും ആരോഗ്യ-വിദ്യാഭ്യാസ ശീലമാറ്റ പ്രവര്‍ത്തനങ്ങളിലൂടെ ശക്തീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യ പ്രവര്‍ത്തകരുടെ ശേഷി വികസനത്തിന് പരിശീലനങ്ങള്‍ സംഘടിപ്പിക്കും. ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, ജന്തുജന്യ രോഗങ്ങള്‍ക്കെതിരേ ഏകാരോഗ്യ സമീപനം എന്നിവ ഊര്‍ജിതമാക്കും.
പഞ്ചായത്ത് മുതല്‍ ജില്ല വരെ തലങ്ങളില്‍ മഹാമാരി മുന്നൊരുക്ക കരട് പദ്ധതികള്‍ അവലോകനം ചെയ്ത് ആവശ്യമായ മാറ്റങ്ങള്‍ യോഗം നിര്‍ദേശിച്ചു. മഹാമാരി മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുടെയും ഹെല്‍ത്തി കാമ്പയിനിന്റെയും പുരോഗതി വിലയിരുത്താന്‍ നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രം, മുത്തങ്ങ ആയുഷ്മാന്‍ ആരോഗ്യ മന്ദിര്‍, ബത്തേരി താലൂക്ക് ആശുപത്രി എന്നിവ അഡീഷണല്‍ ചീഫ് സെക്രട്ടറി സന്ദര്‍ശിച്ചു. ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങളില്‍ നടപ്പാക്കുന്ന ജനസൗഹൃദ പദ്ധതികള്‍, പുഞ്ചിരിമട്ടം ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍, സീറോ ഡെത്ത് മണ്‍സൂണ്‍ കാമ്പയിന് എന്നിവയെ ആരോഗ്യ അഡീഷണല്‍ ചീഫ് സെക്രട്ടറി പ്രത്യേകം അഭിനന്ദിച്ചു.
മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡി.ആര്. മേഘശ്രീ, സബ് കളക്ടര്‍ അതുല്‍ സാഗര്‍, ദേശീയ ആരോഗ്യ ദൗത്യം സംസ്ഥാന പ്രോഗ്രാം മാനേജര്‍ ഡോ.ഇ. ബിജോയ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആന്‍സി മേരി ജേക്കബ്, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സമീഹ സെയ്തലവി, ഗവ. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ചാന്ദ്നി, ഭാരതീയ ചികിത്സാവകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ശ്രീജ, ആരോഗ്യ വകുപ്പ്, ആരോഗ്യകേരളം പ്രോഗ്രാം ഓഫീസര്‍മാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ആശുപത്രി സൂപ്രണ്ടുമാര്‍, മെഡിക്കല്‍ ഓഫീസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
Tags : Local News Nattuvishesham Wayanad