കോഴിക്കോട്: ജില്ലയിൽ താപനില തുടര്‍ച്ചയായി 35 ഡിഗ്രി കടന്നു.35.4 ഡിഗ്രിയാണ് കഴിഞ്ഞ ദിവസം നഗരത്തിൽ രേഖപ്പെടുത്തിയ താപനില.സാധാരണ മാര്‍ച്ച് മാസത്തിലാണ് വേനൽക്കാലം ആരംഭിക്കുന്നതെങ്കിലും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ജനുവരി മുതലേ ചൂട് കൂടുന്ന സാഹചര്യമാണ്.
വരും മാസങ്ങളിലും ചൂട് ക്രമാതീതമായി കൂടുകയാണെങ്കിൽ കുടിവെള്ള പ്രതിസന്ധി എങ്ങനെ പരിഹരിക്കുമെന്ന ആശങ്കയിലാണ് ജനങ്ങൾ. ഭൂഗര്‍ഭജല ലഭ്യത കുറയാനും മലയോര മേഖലകളിലെ കിണറുകൾ വറ്റാനും താപനില വര്‍ധനവ് കാരണമാകുമെന്നുറപ്പാണ്. പകൽ 12 മുതൽ മൂന്ന് വരെയുള്ള സമയത്ത് പുറത്ത് തൊഴിലെടുക്കരുതെന്ന് തൊഴിലാളികൾക്ക് ദുരന്തനിവാരണ അതോറിറ്റിയുടെ ജാഗ്രതാ നിര്‍ദേശമുണ്ട്. വരും ദിവസങ്ങളിൽ സംസ്ഥാനവ്യാപകമായി ചൂട് വര്‍ധിക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രമുന്നറിയിപ്പ്.
ചൂട് കനത്തതോടെ മുൻ വര്‍ഷങ്ങളിലേതിന് സമാനമായി തീപിടിത്ത കേസുകളും വര്‍ധിക്കുന്നുണ്ട്. ജനുവരിയിൽ ജില്ലയിൽ 160 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മലയോര മേഖലകളിലെ റബർ തോട്ടങ്ങളിലാണ് കൂടുതൽ തീപിടിത്തങ്ങളും. കരിയിലകൾ ഒരുമിച്ച് തീയിടുന്നതും ബീഡിക്കുറ്റി വലിച്ചെറിയുന്നതുമെല്ലാം തീപിടിത്തത്തിന് കാരണമാകുന്നുണ്ട്. കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുള്ളതിനാൽ വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദസഞ്ചാരികളും ജാഗ്രത പാലിക്കണമെന്ന് അഗ്നിശമന സേന അധികൃതര്‍ മുന്നറിയിപ്പ് നല്കുന്നു.
Tags : Local News Nattuvishesham Kozhikode