കീഴൂർ ചാവശേരി കൃഷി ഭവനിനുള്ളിൽ കെട്ടിക്കിടന്ന വെള്ളം നഗരസഭ ചെയർമാൻ വി. വിനോദ് കുമാറിന്റെ നേതൃത്വത്തിൽ നീക്കം ചെയ്യുന്നു.
ചാവശേരി: കനത്ത മഴയിൽ വെള്ളം കയറി കീഴൂർ ചാവശേരി കൃഷി ഭവനിൽ നാശം. കഴിഞ്ഞദിവസം രാത്രിയോടെ പെയ്ത മഴയിലാണ് നാശനഷ്ടമുണ്ടായത്. ഇരിട്ടി നഗരസഭയിലെ ഇരുപത്തിയൊന്നാം മൈൽ -നടുവനാട് റോഡിലാണ് കൃഷിഭവൻ പ്രവർത്തിക്കുന്നത്.
നവീകരണത്തിന്റെ ഭാഗമായി കൃഷിഭവന്റെ മേൽക്കൂരയുടെ ആസ്ബസ്റ്റോസ് ഷീറ്റ് നീക്കം ചെയ്തിരുന്നു. ഇതിനിടെയാണ് മഴ പെയ്ത് വെള്ളം കയറിയത്. വൈകുന്നേരം മുതൽ ആരംഭിച്ച മഴയിൽ കൃഷിഭവന്റെ രണ്ടാം നിലയിൽ വെള്ളം കെട്ടിക്കിടക്കുകയായിരുന്നു. മേൽക്കൂരയ്ക്കായി സ്ഥാപിച്ച സീലിംഗ് അടക്കം നശിച്ചു.
ഇരിട്ടി നഗരസഭ ചെയർമാൻ വി. വിനോദ് കുമാർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. രാജൻ, കൃഷി ഓഫീസർ കെ.ആർ. ജിതിൻ, സുരേഷ് ബാബു, അമൽ, വിമൽ രാജ് എന്നിവരും ഡിവൈഎഫ്ഐ പ്രവർത്തകരും സ്ഥലത്തെത്തി. കൃഷിഭവന്റെ രണ്ടാം നിലയിൽ സൂക്ഷിച്ച ഫയലുകളും മറ്റ് ഉപകരണങ്ങളും താഴത്തെ നിലയിലേക്ക് മാറ്റുകയായിരുന്നു. മൂന്ന് മണിക്കൂറോളം സമയമെടുത്താണ് ഫയലുകളും മറ്റും മാറ്റിയത്. വൈദ്യുതി മുടങ്ങിയതോടെ മൊബൈൽ ടോർച്ച് വെളിച്ചത്തിലാണ് രണ്ടാം നിലയിൽ കെട്ടിക്കിടന്ന വെള്ളം നീക്കിയത്.
Tags : Heavy rains nattuvishesham lcoal news