വെള്ളരിക്കുണ്ട്: കാർഷിക ഗ്രാമവികസന ബാങ്കിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള നിലവിലെ ഭരണസമിതിക്കു കീഴിൽ മാർച്ച് ഒന്നിന് പുതിയ തെരഞ്ഞെടുപ്പ് നടത്താൻ ഹൈക്കോടതി ഉത്തരവായി.
നിലവിലെ ഭരണസമിതിയെ പിരിച്ചുവിട്ടുകൊണ്ട് സഹകരണ വകുപ്പ് ചുമതലയേല്പിച്ച അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ ആവശ്യപ്രകാരം സിപിഎം കേന്ദ്രമായ കോടോത്ത് വച്ച് തെരഞ്ഞെടുപ്പ് നടത്താനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു.
നിലവിലുള്ള ഭരണസമിതി മുന്നോട്ടു വയ്ക്കുന്ന സ്ഥലത്ത് വച്ചായിരിക്കും തെരഞ്ഞെടുപ്പ് നടത്തുക. ഇതോടെ നേരത്തേ ബാങ്ക് പ്രസിഡന്റ് സ്ഥാനത്ത് നിന്നും അവിശ്വാസത്തിലൂടെ പുറത്തായ സെബാസ്റ്റ്യൻ പതാലിയുടെ സഹായത്തോടെ ബാങ്ക് പിടിച്ചെടുക്കാനുള്ള സിപിഎം നീക്കം പൊളിഞ്ഞതായി കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
നിലവിലെ ഭരണസമിതി അംഗങ്ങളുടെ ഒന്നര വർഷം നീണ്ട നിയമപോരാട്ടത്തിന് ഒടുവിലാണ് ഉത്തരവ്. ബാങ്കിൽ തത്സ്ഥിതി തുടരാനുള്ള കോടതി ഉത്തരവ് മറികടന്നാണ് സഹകരണവകുപ്പ് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയെ ഭരണമേല്പിച്ചതെന്ന് അവർ പറഞ്ഞു.
തെരഞ്ഞെടുപ്പ് നീതിപൂർവകമായി നടത്തുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ജില്ലാ പോലീസ് മേധാവിക്ക് കോടതി നിർദേശം നൽകി. തെരഞ്ഞെടുപ്പ് നടപടികളുടെ വീഡിയോ ചിത്രീകരണം നടത്താനും നിർദേശിച്ചു.