പുൽപ്പള്ളി: ദേവസ്വം ഭൂമി ബസ്സ്റ്റാൻഡ് വികസനത്തിന് പഞ്ചായത്തിന് പാട്ടത്തിന് നൽകാനുള്ള മലബാർ ദേവസ്വം ബോർഡ് കമ്മീഷണറുടെ ഉത്തരവ് ഹൈക്കോടതി ദേവസ്വം ബെഞ്ച് റദ്ദാക്കി. സീതാദേവി-ലവകുശ ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്റ് എൻ. കൃഷ്ണക്കുറുപ്പ്, സെക്രട്ടറി കെ.കെ. കൃഷ്ണൻകുട്ടി, ട്രഷറർ പി.ആർ. സുബ്രഹ്മണ്യൻ, വി.പി. പദ്മനാഭൻ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചതാണ് വിവരം. സമിതിയുടെ നേതൃത്വത്തിൽ 2017 മുതൽ നടത്തിവന്ന നിയമപോരാട്ടത്തിന്റെ വിജയമാണിതെന്ന് അവർ പറഞ്ഞു.
ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ളതിൽ ടൗണിനോട് ചേർന്ന് 73 സെന്റ് 33 വർഷത്തേക്ക് പഞ്ചായത്തിന് പാട്ടത്തിന് നൽകാനാണ് ദേവസ്വം ബോർഡ് കമ്മീഷണർ ഉത്തരവിട്ടത്. സെന്റിന് പ്രതിമാസം 600 രൂപയാണ് പാട്ടം നിശ്ചയിച്ചത്. ഇതിനെതിരേ ക്ഷേത്ര സംരക്ഷണ സമിതി ആദ്യം ബത്തേരി മുനിസിഫ് കോടതിയിലും പിന്നീട് ഹൈക്കോടതി ദേവസ്വം ബെഞ്ചിലും അപ്പീൽ നൽകുകയായിരുന്നു. ദേവസ്വത്തിന് 15,000 ഏക്കർ ഭൂമിയുണ്ടായിരുന്നു. നിലവിൽ 20 ഏക്കറിനടുത്ത് ഭൂമിയാണുള്ളത്. ക്ഷേത്ര ഭൂമി ഇനിയും അന്യാധീനപ്പെടാൻ അനുവദിക്കില്ലെന്നും സമിതി ഭാരവാഹികൾ പറഞ്ഞു.
Tags : nattu vishesham High Court quashes