പന്തല്ലൂർ: പന്തല്ലൂർ താലൂക്ക് ആശുപത്രി കെട്ടിടം തകർച്ചാ ഭീഷണിയിൽ. പ്രസവ വാർഡ് ഉൾപ്പെടുന്ന കെട്ടിടം ചോർന്നൊലിക്കുന്നുണ്ട്. 1998ലാണ് പന്തല്ലൂർ താലൂക്ക് നിലവിൽ വന്നത്. മേങ്കോറഞ്ച്, പന്തല്ലൂർ, ദേവാല, ചേരങ്കോട്, കൊളപ്പള്ളി, താളൂർ, എരുമാട്, കൊളപ്പള്ളി, അയ്യംകൊല്ലി, അത്തിക്കുന്ന്, ഉപ്പട്ടി, കുന്ദലാടി, പൊന്നാനി തുടങ്ങിയ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ഈ ആശുപത്രിയെയാണ് ആശ്രയിക്കുന്നത്.
ആദിവാസികൾ, തോട്ടംതൊഴിലാളികൾ ഉൾപ്പെടെയുള്ളവർ ചികിത്സ തേടിയെത്തുന്നത് ഈ ആശുപത്രിയിലാണ്. ദിനംപ്രതി 300ൽപ്പരം പേർ ആശുപത്രിയിലെ ഒപിയിൽ ചികിത്സ തേടിയെത്തുന്നുണ്ട്. എന്നാൽ ആശുപത്രിയിലെ കെട്ടിടങ്ങൾ പൊളിഞ്ഞ് വീഴാറായ അവസ്ഥയിലാണ്.
2023ൽ പുതിയ കെട്ടിടം നിർമിക്കുന്നതിന് 5.75 കോടി രൂപ ഫണ്ട് അനുവദിക്കുകയും കെട്ടിട നിർമാണ പ്രവൃത്തികൾ ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിൽ അഞ്ച് കോടി രൂപ സർക്കാർ തിരിച്ചെടുക്കുകയായിരുന്നു. ഇതേത്തുടർന്ന് കെട്ടിട നിർമാണ പ്രവൃത്തികൾ പാതിവഴിയിൽ അവസാനിച്ചിരിക്കുകയാണ്.
പഴയ കെട്ടിടങ്ങൾ പൊളിച്ചു മാറ്റി പകരം പുതിയ കെട്ടിടങ്ങൾ നിർമിച്ചു നൽകണമെന്നും ആവശ്യത്തിന് ഡോക്ടർമാരെ നിയമിക്കുകയും എക്സറേ ഉപകരണങ്ങൾ ഉൾപ്പെടെയുള്ള മെഡിക്കൽ ഉപകരണങ്ങൾ അനുവദിക്കുകയും ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Tags : Local News Nattuvishesham Wayanad