കോതമംഗലം: ദേശീയപാതയില്‍ കറുകടം അമ്പലപ്പടിക്ക് സമീപം ബൈക്കില്‍ കാറിടിച്ച് മകനൊപ്പം ബൈക്കില്‍ യാത്ര ചെയ്തിരുന്ന വീട്ടമ്മ മരിച്ചു. മകനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കറുകടം കാര്‍മല്‍ റസിഡന്‍സില്‍ യദുഭവനില് കൃഷ്ണകുമാറിന്റെ (മോഹനന്) ഭാര്യ ഗീത(56)യാണ് മരിച്ചത്. മകന് യദുകൃഷ്ണനെ (31) ഗുരുതര പരിക്കുകളോടെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ 8.25 ഓടെയാണ് അപകടം. അമ്മയും മകനും ബൈക്കില്‍ മൂവാറ്റുപുഴയ്ക്ക് പോകുന്നതിനിടെയാണ് അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കിലേക്ക് എതിര് ദിശയില്‍നിന്നും എത്തിയ കാര്‍ ഇടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ച് വീണ് തലയ്ക്ക് സാരമായി പരിക്കേറ്റ ഗീതയെ മൂവാറ്റുപുഴയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
വലത് കാലിന് ഒടിവും നട്ടെല്ലിനും വാരിയെല്ലിനും പരിക്കുമേറ്റ യദുവിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൃഷ്ണകുമാര്‍ കറുകടം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ദേവസ്വം ജീവനക്കാരനാണ്. എച്ച്ഡിഎഫ്സി ബാങ്ക് പെരുമ്പാവൂര്‍ ശാഖയിലെ ജീവനക്കാരനാണ് യദു. മകള്‍: ഗോപിക (എംബിഎ വിദ്യാര്‍ഥിനി). മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍. സംസ്കാരം പിന്നീട്.
Tags : Housewife dies hit by car Bike accident Nattuvishesham geetha