കൊല്ലപ്പെട്ട പുഷ്പലത വി.ഷെട്ടി, അറസ്റ്റിലായ പരമേശ്വര
കാസര്‍ഗോഡ്: തനിച്ചുതാമസിക്കുന്ന വീട്ടമ്മയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ പ്രതി 24 മണിക്കൂറിനകം അറസ്റ്റില്‍. ബദിയഡുക്ക പെര്‍ഡാല സ്വദേശിയായ കാടുവെട്ട് തൊഴിലാളി പരമേശ്വര എന്ന രമേശ് നായിക്കിനെയാണ് (47) ബദിയഡുക്ക പോലീസ് അറസ്റ്റ് ചെയ്തത്.
കുംബഡാജെ മൗവ്വാര്‍ അജിലയിലെ പരേതനായ വെങ്കപ്പഷെട്ടിയുടെ ഭാര്യ പുഷ്പലത വി. ഷെട്ടി (70) ആണ് കൊല്ലപ്പെട്ടത്. പുഷ്പലതയുടെ കഴുത്തിലുണ്ടായിരുന്ന മൂന്നര പവന് തൂക്കമുള്ള കരിമണിമാല കൈക്കലാക്കുന്നതിനായാണ് കൊല നടത്തിയതെന്ന് പ്രതി പോലീസിന് മൊഴി നല്കി.
കഴുത്തുഞെരിച്ചും മൂക്കും വായും പൊത്തിപ്പിടിച്ചും ശ്വാസംമുട്ടിച്ചാണ് കൊലപാതകം നടത്തിയതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞിരുന്നു.
പുഷ്പലതയുടെ കടിയേറ്റ മുറിവ് പ്രതിയുടെ വലതുകൈയിലുണ്ട്. ഇത് അന്വേഷണത്തില്‍ നിര്‍ണായകമായി. പുഷ്പലതയുടെ മുഖത്തും പല്ലിലും രക്തക്കറ ഉണ്ടായിരുന്നു. തനിക്ക് ഒമ്പതുലക്ഷത്തോളം രൂപ കടമുണ്ടെന്നും ഇതു വീട്ടാനാണ് മാല മോഷ്ടിച്ചതെന്നും മാല വിറ്റതായും പരമേശ്വര പറഞ്ഞു. മാല വിറ്റെന്ന് പ്രതി പറഞ്ഞ സ്ഥലത്ത് ബദിയഡുക്ക പോലീസ് ഇന്നു തെളിവെടുപ്പ് നടത്തും.
ബുധനാഴ്ച രാത്രി 9.40 ഓടെയാണ് വീട്ടില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന പുഷ്പലതയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രദേശത്തെല്ലാം യന്ത്രം ഉപയോഗിച്ച് കാടുവെട്ടുന്ന പ്രതിയെക്കുറിച്ച് നാട്ടുകാര്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. ഇതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
Tags : Housewife nattuvishesham local news