നിലമ്പൂർ:ആർദ്രം പദ്ധതിയുടെ ഭാഗമായി നിർണയ ലാബ് ശൃംഖലയിലെ ആദ്യ ഹബ് ലാബ് നിലന്പൂർ ജില്ലാ ആശുപത്രിയിൽ പ്രവർത്തന സജ്ജമായി. ലാബിന്റെ ഉദ്ഘാടനം നവംബർ ആദ്യവാരം നടക്കും.
ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ 1.8 കോടി രൂപ ചെലവിട്ടാണ് ലാബ് ഒരുക്കിയത്. ജില്ലയിലെ ഏതു ആശുപത്രിയിൽ നിന്നും സാന്പിളുകൾ എത്തിച്ച് പരിശോധന നടത്തുന്നതിന് സൗകര്യമുണ്ടാകും. ലബോറട്ടറി പരിശോധനകൾ താഴെ തട്ടിൽ ഉറപ്പുവരുത്തുന്നതിനായി സർക്കാർ മേഖലയിലെ ലാബുകളെ ബന്ധിപ്പിച്ചുകൊണ്ടുള്ള പദ്ധതിയാണ് നിർണയ ലബോറട്ടറി ശൃംഖല.
നവകേരളം കർമപദ്ധതി ആർദ്രം മിഷന്റെ ഭാഗമായാണ് നിർണയ ലാബ് ശൃംഖല നടപ്പാക്കി വരുന്നത്. സർക്കാർ മേഖലയിലെ ലാബുകൾ വഴി ഗുണനിലവാരവും ആധുനിക പരിശോധന സംവിധാനങ്ങളും ഉറപ്പാക്കി കുറഞ്ഞ നിരക്കിൽ രോഗികൾക്ക് ലഭ്യമാക്കുക എന്നതാണ് ഇത്തരം ലബോറട്ടറികളുടെ പ്രവർത്തന ലക്ഷ്യം.
എല്ലാ വിഭാഗം ആരോഗ്യ കേന്ദ്രങ്ങളിലെയും ലാബ് സംവിധാനങ്ങളെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതോടൊപ്പം പരിശോധന ഫലങ്ങൾ ബന്ധപ്പെട്ടവരുടെ മൊബൈൽ നന്പറിൽ സന്ദേശമായി ലഭ്യമാക്കുകയും ചെയ്യും.