നിലമ്പൂർ ജില്ലാ ആശുപത്രിയുടെ പുതിയ ഹബ്ബ് ലാബ് കെട്ടിടം പി.വി. അബ്ദുൾ വഹാബ് എംപി ഉദ്ഘാടനം ചെയ്യുന്നു.
നിലമ്പൂർ: നിലമ്പൂർ ജില്ലാ ആശുപത്രിയിലെ ഹബ്ബ് ലാബിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം പി.വി. അബ്ദുൾ വഹാബ് എംപി നിർവഹിച്ചു. ഇതോടൊപ്പം പുതിയ മോർച്ചറി കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനവും 320 കിലോവാട്ട് ശേഷിയുള്ള പുതിയ ജനറേറ്ററിന്റെ കമ്മീഷനിംഗും എംപി നിർവഹിച്ചു. എല്ലാം കൂടി മൂന്നര കോടി രൂപയുടെ പദ്ധതികളാണ് നിലന്പൂർ ജില്ലാ ആശുപത്രിയിൽ നടത്തുന്നത്.മേഖലയിലെ മറ്റ് ആശുപത്രികളിൽ നിന്ന് ശേഖരിക്കുന്ന സാന്പിളുകൾ നിലന്പൂർ ജില്ലാ ആശുപത്രിയിലെത്തിച്ച് പരിശോധനാ ഫലം ഇ-ഹെൽത്ത് സംവിധാനം വഴിയോ മൊബൈൽ ഫോണ് വഴിയോ ഗുണഭോക്താക്കളിലെത്തിക്കുകയാണ് ഹബ്ബ് ലാബ് വഴി ചെയ്യുക.
കൂടാതെ ഇപ്പോൾ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് പ്രാദേശിക പോസ്റ്റ്ഓഫീസുകൾ വഴി സാന്പിളുകൾ ശേഖരിച്ച് ബോക്സിലാക്കി ജില്ലാ ആശുപത്രിയിലെത്തിക്കുന്ന സംവിധാനവും തുടങ്ങിയിട്ടുണ്ട്. ആശുപത്രിയിൽ നിലവിലുണ്ടായിരുന്ന ലാബിൽ സൗകര്യങ്ങൾ കുറവായിരുന്നതിനാൽ മറ്റൊരു കെട്ടിടം ലാബിന് വേണ്ടി മാറ്റിയെടുക്കുകയായിരുന്നു. നാളിതുവരെയായി 35,095 സാന്പിളുകളുടെ പരിശോധനയാണ് നിലന്പൂർ ജില്ലാ ആശുപത്രിയിൽ നടത്തിയിട്ടുള്ളത്. മൊത്തം രണ്ട് കോടി രൂപയാണ് പുതിയ കെട്ടിടത്തിനായി ചെലവഴിച്ചത്. പുതിയ മോർച്ചറിയുടെ നിർമാണത്തിന് ഒരു കോടി രൂപയാണ് ജില്ലാ പഞ്ചായത്ത് നീക്കിവച്ചിട്ടുള്ളത്.
ആശുപത്രി കോണ്ഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവർക്ക് ആശുപത്രി എച്ച്എംസി യാത്രയയപ്പ് നൽകി. മികച്ച പ്രവർത്തനം കാഴ്ചവച്ച ആശുപത്രി സൂപ്രണ്ട് ഡോ. ഷിനാസ് ബാബുവിനെ എച്ച്എംസി ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ഉപാധ്യക്ഷൻ ഇസ്മായിൽ മൂത്തേടം, സെറീന മുഹമ്മദലി, എൻ.എ. കരീം, എ. ഗോപിനാഥ്, ജസ്മൽ പുതിയറ, കെ.ടി. കുഞ്ഞാൻ, സൂപ്രണ്ട് ഡോ. ഷിനാസ് ബാബു, ആർഎംഒ ഡോ. കെ.കെ. പ്രവീണ തുടങ്ങിയവരും പങ്കെടുത്തു.