വെള്ളറട: പ്രസിദ്ധ പരിസ്ഥിതി തീര്‍ഥാടന കേന്ദ്രമായ കൂനിച്ചി കര്‍മലമാതാ മല എട്ടാമത് തീര്‍ഥാടനത്തിന്റെ അഞ്ചാമത് ദിനത്തിൽ തീർഥാടകരുടെ വന്‍ തിരക്ക്. ഞായറാഴ്ച രാവിലെ മുതല്‍ തീര്‍ഥാടകരുടെ പ്രവാഹമാണ് ഇവിടേയ്ക്ക് അനുഭവപ്പെടുന്നത്.
രാവിലെ ആറിനു നെയ്യാറ്റിന്‍കര തിരുപുറം സെന്റ് ഫ്രാന്‍സീസ് സേവ്യര്‍ ഇടവകയുടെ നേതൃത്വത്തില്‍ തീര്‍ഥാടനം നടന്നു. ഇടവക വികാരി ഫാ. ജിബിന്‍രാജ് നേതൃത്വം നല്കി. വൈകുന്നേരം മൂന്നിനു ജപമാല, ലിറ്റിനി, നൊവേന എന്നിവയും തുടര്‍ന്ന് മരിയന്‍ പ്രഭാഷണവും നടന്നു.
കര്‍മലമാതാ മലയില്‍ ഉച്ചയ്ക്ക് രണ്ടിനു നടന്ന ആഘോഷമായ ദിവ്യബലിക്കു പേയാട് മൈനര്‍ സെമിനാരി പ്രീഫെക്ട് ഫാ. വി.ഒ. ജിനോയും നാലിനു നടന്ന ആഘോഷമായ ദിവ്യബലിക്കു ഫാ. ജിബിന്‍ രാജും മുഖ്യ കാര്‍മികത്വം വഹിച്ചു. വൈകുന്നേരം ആറിനു കുരിശുമല സംഗമ വേദിയില്‍ പീസ് ഫെസ്റ്റ് 2025 പരിപാടികള്‍ക്ക് തിരുപുറം ഇടവക നേതൃത്വം നല്കി. തുടര്‍ന്ന് ശാലോം 2025 ആഘോഷവും നടന്നു.
ഇന്നു വൈകുന്നേരം ആറിനു നടക്കുന്ന ആഘോഷമായ പുതുവത്സര ദിവ്യബലിയ്ക്ക് മോണ്‍. ഡോ. വിന്‍സന്റ് കെ. പീറ്റര്‍ മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് വെളിച്ചം 2026 പരിപാടിയും സംഘടിപ്പിക്കും.